ശാസ്ത്ര കേരളം പാലക്കാട്ടേക്ക്; സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കം

പാലക്കാട് : ശാസ്ത്രലോകത്തിലേക്കുള്ള അറിവിന്റെ ആകാശം പാലക്കാട് തുറന്നു. 57ാമത് സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് തുടക്കമായി. പ്രധാനവേദിയായ ഗവ. മോയൻ മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. സംഘാടക സമിതി ചെയർമാൻ മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ശാസ്‌ത്രമേളയുടെ ഭാഗമായി തയാറാക്കിയ സുവനീർ ‘താരപഥ’ത്തിന്റെ കവർ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്‌തു. ഏഴ് വേദികളിലായി നടക്കുന്ന മേളയിൽ 180 ഇനങ്ങളിലായി 8,500 വിദ്യാർഥികളാണ് മാറ്റുരയ്ക്കുന്നത്. ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ, വിഎച്ച്എസ്‌സി എക്‌സ്‌പോ എന്നീ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. രാവിലെ 10ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.
പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ് ഇത്തവണ ശാസ്ത്രോത്സവം. പ്രവൃത്തിപരിചയമേളയിൽ പരാമ്പരാഗത മത്സരങ്ങൾ ഒഴിവാക്കി പുതിയവ ഉൾപ്പെടുത്തി. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ഇൗവർഷം മുതൽ നടത്തുന്ന ശാസ്ത്ര സെമിനാർ വെള്ളിയാഴ്‌ച നടക്കും. ക്വിസ്, മലയാളം ടൈപ്പിങ് എന്നിവയാണ് ആദ്യദിനത്തിലെ മറ്റ് ഇനങ്ങൾ. നാലുദിവസങ്ങളിലെ മേളയ്‌ക്ക് ആറ് സ്കൂളുകളിലായാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.









0 comments