റാഗിങ് നിരുപദ്രവകരമായ ആചാരമല്ല; മിഹിറിന്റെ മരണം തന്നെ തകർത്തുവെന്ന് സാമന്ത

കൊച്ചി: കൊച്ചി തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൃദയഭേദകമായ കുറിപ്പുമായി നടി സാമന്ത. മിഹിറിന്റെ മരണം തന്നെ നടുക്കിയെന്നും റാഗിങ് നിരുപദ്രവകരമായ ആചാരമല്ലെന്നും സാമന്ത പറഞ്ഞു. 2025 ആയിട്ടും റാഗിങുകൾക്ക് യാതൊരു കുറവുമില്ല. വെറുപ്പും വിദ്വേഷവും ഉള്ളിൽ കൊണ്ടുനടക്കുന്നവരാൽ മിടുക്കനായ ഒരു കുട്ടിയെ നഷ്ടമായെന്നും സാമന്ത കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരത്തിന്റെ പ്രതികരണം.
റാഗിങും ഭീഷണിപ്പെടുത്തലും കേവലം 'നിരുപദ്രവകരമായ ആചാരാനുഷ്ഠാനങ്ങൾ അല്ല എന്നതിൻ്റെ വ്യക്തമായ ഓർമ്മപ്പെടുത്തലാണ് മിഹിറിൻ്റെ ദാരുണമായ മരണം!. അവ മാനസികവും ശാരീരികവുമായ അക്രമമാണ്. ഇവിടെ നമുക്ക് കർശനമായ റാഗിങ് വിരുദ്ധ നിയമങ്ങളുണ്ട്. എന്നിട്ടും നമ്മുടെ വിദ്യാർഥികൾ ഇതിനെതിരെ സംസാരിക്കാൻ ഭയപ്പെടുന്നു. അനന്തരഫലങ്ങളെ ഭയപ്പെടുന്നു. അവർ നിശബ്ദരാവുന്നു. ആരും കേൾക്കില്ലെന്ന് ഭയപ്പെടുന്നു. നാമെവിടെയാണ് പരാജയപ്പെടുന്നത്?
വെറും അനുശോചനം കൊണ്ട് ഇതിനെ നേരിടാൻ കഴിയില്ല. നടപടി വേണം. അധികാരികൾ ഇടപെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, സത്യത്തെ സംവിധാനങ്ങള്‍ നിശബ്ദമാക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. മിഹിറും അവന്റെ മാതാപിതാക്കളും നീതിക്ക് അർഹിക്കുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നും സാമന്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.









0 comments