"വ്യാജ ആരോപണം ഉന്നയിച്ചതും കുഴിയിൽ ചാടിയതും ഉണ്ണികൃഷ്ണൻ പോറ്റി"; സമഗ്ര അന്വേഷണം ആവശ്യപ്പെടും: പി എസ് പ്രശാന്ത്

പി എസ് പ്രശാന്ത്
തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പീഠം കാണാതായ സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. വ്യാജ ആരോപണം ഉന്നയിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണ്. വ്യാജ ആരോപണത്തിന്റെ കുഴിയിൽ അദ്ദേഹം തന്നെ വീണിരിക്കുകയാണ് ഇപ്പോൾ. ഒട്ടേറെ തട്ടിപ്പുകളും പിരിവുകളും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 1999 മുതൽ 2025വരെ ശബരിമലയിലെ എല്ലാ ക്രമക്കേടുകളെക്കുറിച്ചും ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള അവതാരങ്ങളെക്കുറിച്ചും അന്വേഷിക്കാൻ ഹൈക്കോടതിയിൽ ആവശ്യപ്പെടുമെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് ദേവസ്വം ബോർഡ് മുന്നോട്ടുപോയത്. പോറ്റി എന്തെങ്കിലും കുഴപ്പങ്ങളിൽ ചാടിയിട്ടുണ്ടെങ്കിൽ അതിൽ മറ്റാർക്കും പങ്കുണ്ടാകില്ല. പീഠം കാണാതായതിൽ ദേവസ്വം ബോർഡിന്റെ വിജിലൻസ് എസ്പി തന്നെ അന്വേഷിക്കുന്നുണ്ട്. 2019ലെ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു എന്നാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമികമായി മനസിലാക്കുന്നത്. തെറ്റു ചെയ്തവരെ ഒരിക്കലും സംരക്ഷിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു.









0 comments