print edition ശിൽപ്പപാളി കേസ് : അഭിഭാഷകരെ പുറത്തുനിർത്തി

കൊച്ചി
ശബരിമല ശിൽപ്പപാളി കേസ് നേരത്തേ പ്രസിദ്ധീകരിച്ച മുൻഗണനാക്രമത്തിൽ മാറ്റം വരുത്തി ആദ്യകേസായാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്. നടപടികൾ രഹസ്യമാക്കാൻ അടച്ചിട്ട കോടതിമുറിയിലേക്ക് എസ്‌പി എസ് ശശിധരൻ ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെമാത്രമാണ് പ്രവേശിപ്പിച്ചത്. അഭിഭാഷകരെയടക്കം പുറത്തുനിർത്തി. അന്വേഷണ പുരോഗതി ചോദിച്ചറിഞ്ഞ കോടതി ഒരുമണിക്കൂറിനുശേഷം സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെയടക്കം തിരികെവിളിച്ചാണ് ഇടക്കാല ഉത്തരവ് പറഞ്ഞത്.
കോടതിയുടെ നിരീക്ഷണങ്ങൾ
ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളയും 2019ൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്ക് കൈമാറാൻ ദേവസ്വം ഉന്നത ഉദ്യോഗസ്ഥർ മുൻകൈയെടുത്തു. 2019 ജൂൺ 28ന് ദേവസ്വം കമീഷണർക്കുവേണ്ടി ഡെപ്യൂട്ടി കമീഷണർ (ഫിനാൻസ് ഇൻസ്പെക്ഷൻ) പാളികൾ പോറ്റിക്ക് കൈമാറാൻ അനുമതി തേടി. ഇതിന് പിന്നാലെ ബോർഡ്, ‘ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തി അനുമതി നൽകി. പീഠങ്ങളും കൊടുത്തയച്ചു.
2024ൽ ദ്വാരപാലകർക്കും പീഠങ്ങൾക്കും നിറം മങ്ങിയത് തിരുവാഭരണം കമീഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയെത്തന്നെ 2025ൽ അറ്റകുറ്റപ്പണി ഏൽപ്പിച്ചു.തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിരുവാഭരണം കമീഷണർക്ക് അയച്ച കത്തിൽ ദ്വാരപാലകരെ ഇളക്കാൻ അനുവദിച്ചിരുന്നു. എന്നാൽ, വാതിലിന്റെ ഭാഗങ്ങളും മറ്റും സന്നിധാനത്തുതന്നെ അറ്റകുറ്റപ്പണി നടത്താനാണ് പറഞ്ഞിരുന്നത്.2025ലെ ഇടപാടിന് തിരുവാഭരണം കമീഷണർ ആദ്യം വിയോജിപ്പ് അറിയിച്ചിരുന്നു. പിന്നീട് നിലപാട് മാറ്റി പോറ്റിക്ക് കൈമാറാൻ കൂട്ടുനിന്നു. പാളികൾ ഇളക്കിയത് സ്പെഷ്യൽ കമീഷണറെ അറിയിക്കാതെയാണെന്നും കോടതി നിരീക്ഷിച്ചു.









0 comments