ഒളിവിലും തെളിവിലും പൊരുതിയ നാളുകൾ ; എസ് രാമചന്ദ്രൻപിള്ള ഓർക്കുന്നു

കോഴിക്കോട് നിശ്ചയിച്ച പാർടി സംസ്ഥാന പ്രവർത്തക ക്യാമ്പിന് തൊട്ടുമുൻപായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. അടിയന്തരാവസ്ഥയ്ക്കെതിരെ പ്രമേയം പാസാക്കി ആദ്യദിവസംതന്നെ ക്യാമ്പ് പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ചേർന്ന് പരിപാടികൾ നിശ്ചയിച്ചു. പ്രതിഷേധപ്രകടനം, പണിമുടക്ക്, സിനിമാക്കൊട്ടകകളിൽ മുദ്രാവാക്യം അങ്ങനെ നിരവധി പരിപാടികൾ–- സിപിഐ എമ്മിന്റെ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള ഓർക്കുന്നു.
അന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു എസ്‌ആർപി. പ്രവർത്തന മേഖല ആലപ്പുഴയിൽനിന്ന് കൊല്ലത്തേക്ക് മാറ്റി ജില്ലാ സെക്രട്ടറി എൻ ശ്രീധരനൊപ്പം സജീവമായി. 1975 സെപ്തംബറിൽ കോഴിക്കോട് പാർടി സംസ്ഥാന കമ്മിറ്റിയോഗം ചേർന്ന് പ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചു. തൊട്ടടുത്ത ദിവസമാണ് 102 നേതാക്കളോടൊപ്പം എസ്‌ആർപി അറസ്റ്റിലായത്.
തിരുവനന്തപുരത്ത് സെൻട്രൽ ജയിലിൽ വി എസ് അച്യുതാനന്ദൻ, ഒ ജെ ജോസഫ്, വി ശ്രീധർ, പി കെ ചന്ദ്രാനന്ദൻ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്ന് എസ്‌ആർപി പറഞ്ഞു. കോലിയക്കോട് കൃഷ്‌ണൻനായർ, വി കേശവൻ, കെ കെ കുമാരൻ, പി കെ ഗുരുദാസൻ, പത്മലോചനൻ, തോപ്പിൽ ധർമരാജൻ, പി ആർ വാസു, പി സുധാകരൻ തുടങ്ങിയവരോടൊപ്പം സോഷ്യലിസ്റ്റ് പാർടിയുടെ പി എ ഹാരിസും. മാസങ്ങൾക്കുശേഷം കാഥികൻ വി സാംബശിവനും തടവിലായി. പൊതുസ്ഥലങ്ങളിലും ലോക്കപ്പുകളിലും പ്രാകൃതമായാണ് പൊലീസ് ഇടപെട്ടത്. പിണറായി വിജയനെ ലോക്കപ്പിലിട്ട് അതിഭീകരമായി മർദിച്ചതടക്കം നിരവധി സംഭവങ്ങൾ.
ജയിലിൽ ഞങ്ങൾ വ്യയാമമുറകൾ നടത്തി. പുസ്‌തകങ്ങൾ വായിച്ച് ചർച്ചചെയ്‌തു. വൈകുന്നേരങ്ങളിൽ സാംബശിവൻ കഥ പറഞ്ഞു. ജയിൽവളപ്പിൽ കോലിയക്കോട് നടത്തിയ പച്ചക്കറിക്കൃഷിയിൽ വിളവെടുത്ത് അദ്ദേഹം തന്നെ പാചകം ചെയ്‌ത് വിതരണം ചെയ്‌തു. ജയിലിലുള്ള സമയത്താണ് ഇളയ മകൻ ജനിച്ചത്. കാണാൻ അനുമതി ചോദിച്ചെങ്കിലും വിട്ടില്ല. തന്നെ ചികിത്സയ്‌ക്ക് തിരുവനന്തപുരത്തെ ഡെന്റൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോൾ കുട്ടിയെ കൊണ്ടുവന്ന് കാണിക്കുകയായിരുന്നു. 1976 ജൂണിൽ പരോളിലിറങ്ങിയശേഷം ഒളിവിലുള്ളവർക്കും പ്രവർത്തകർക്കും ലേഖനങ്ങളും അതത് സമയത്തെ വിവരങ്ങളും രഹസ്യമായി കൈമാറിയിരുന്നു. ഞങ്ങൾ എറണാകുളത്തു പോയി കല്ലച്ചിൽ അച്ചടിച്ചാണ് ലഘുലേഖകൾ കൊല്ലത്ത് എത്തിച്ചിരുന്നത്. വിതരണത്തിന് സമാന്തര സംവിധാനമുണ്ടായിരുന്നു–- എസ്‌ആർപി പറഞ്ഞു.









0 comments