ചികിത്സയ്‌ക്കിടെ എച്ച്‌ഐവി ബാധിച്ച് മരണം: നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ

കൊച്ചി
രക്താർബുദം ബാധിച്ച ഒമ്പതുകാരി തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിലെ ചികിത്സയ്ക്കിടെ എച്ച്‌ഐവി ബാധിച്ച് മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
മരണകാരണം എച്ച്ഐവി അല്ലെന്ന് ആർസിസി വിശദീകരിച്ചിട്ടുണ്ടെങ്കിലും ദൗർഭാഗ്യകരമായ സംഭവമെന്ന നിലയിൽ പ്രത്യേക പരിഗണന നൽകുകയാണെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ അറിയിച്ചു.
ഹരിപ്പാട് സ്വദേശിയായ പെൺകുട്ടിക്ക് 2017ലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. അടുത്തവർഷം മരിച്ചു. ആർസിസിയിൽ രക്തം സ്വീകരിച്ചതിലൂടെ വൈറസ് പകർന്നുവെന്നായിരുന്നു ആരോപണം.
നഷ്ടപരിഹാരം നൽകണമെന്ന് ആർസിസി ശുപാർശ ചെയ്തിട്ടില്ലെന്നും മാനുഷിക പരിഗണനയും ഹൈക്കോടതി ഉത്തരവും കണക്കിലെടുത്താണ് നഷ്ടപരിഹാരത്തിന് തീരുമാനിച്ചതെന്നും സർക്കാർ വിശദീകരിച്ചു. ആർസിസിയിലെ രക്തപരിശോധനാ സംവിധാനങ്ങളെക്കുറിച്ചും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛൻ സമർപ്പിച്ച ഹർജിയിലാണ് സത്യവാങ്മൂലം നൽകിയത്. ഹർജി ജൂൺ നാലിന് പരിഗണിക്കും.








0 comments