മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റ്: ആർസിസി ഡയറക്ടർ

rcc.jpg
വെബ് ഡെസ്ക്

Published on Oct 09, 2025, 04:09 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്ത(ദേശാഭിമാനിയിലല്ല)കൾ തെറ്റാണെന്ന് ആർസിസി ഡയറക്ടർ. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആർസിസി ഡയറക്ടർ ഡോ. ആർ രജനിഷ് കുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.


ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250mg,100mg,20mg മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. മാർച്ച് 25ന് ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100mg ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഓരോ ബാച്ച് മരുന്ന് എത്തുമ്പോഴും മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ചാണ് സ്റ്റോക്ക് എടുക്കുന്നത്. നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാൽ ജൂൺ 27നാണ് ഈ പാക്കറ്റിൽ നിന്നും മരുന്ന് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി ഫാർമസിയിൽ എത്തിച്ചത്.


ഫാർമസി ജീവനക്കാർ പരിശോധന നടത്തിയശേഷം മാത്രമാണ് പതിവായി രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്. ജൂലൈ 12ന് രോഗികൾക്ക് മരുന്ന് നൽകുന്നതിനായി ബാച്ചിലെ ആദ്യസെറ്റ് എടുത്തു. 10 പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ടു പാക്കറ്റുകളിൽ എറ്റോപോസൈഡ് 50 mg എന്ന ലേബൽ അപ്പോൾ തന്നെ ഫാർമസി സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ പാക്കറ്റുകൾ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു. പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100mg എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ആശയക്കുഴപ്പം ഉണ്ടായതിനാൽ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിർത്തിവെച്ചു.


വിവരം ഉടൻ തന്നെ വിതരണക്കാരായ കമ്പനിയേയും അറിയിച്ചു. ആർസിസി ഡ്രഗ് കമ്മിറ്റി ചേർന്ന് ഡ്രഗ് കൺട്രോളർ ഓഫ് കേരളയെ വിവരം അറിയിച്ചു. കൂടാതെ ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും രണ്ട് മരുന്നുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തു. ഡ്രഗ് കൺട്രോളർ ഓഫ് കേരള ഒക്ടോബർ 6ന് ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവൻ പാക്കറ്റുകളും കണ്ടെടുത്തു. നിയമപരമായ തുടർ നടപടികൾ ഡ്രഗ് കൺട്രോളർ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും ആർസിസി ഡയറക്ടർ വാർത്താകുറിപ്പിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home