ലിറ്ററിന് 61 രൂപ വർധന , സംസ്ഥാനത്തിന്റെ ദീർഘനാളത്തെ അഭ്യർഥനയ്‌ക്കുശേഷം
റേഷൻ മണ്ണെണ്ണ വിതരണം ഇന്നുമുതൽ ; എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവും

തിരുവനന്തപുരം
സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ശനിയാഴ്ച ആരംഭിക്കും. എഎവൈ കാർഡുകാർക്ക് ഒരുലിറ്ററും മറ്റു കാർഡുകാർക്ക് അരലിറ്റർ വീതവുമാണ് ലഭിക്കുക. ലിറ്ററിന് 61 രൂപയാണ്. വൈദ്യുതിയില്ലാത്ത കാർഡുകൾക്ക് ആറുലിറ്റർ മണ്ണെണ്ണ ലഭിക്കും. മണ്ണെണ്ണ മൊത്തവ്യാപാരികളുടെയും റേഷൻ വ്യാപാരികളുടെയും സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തതെന്ന് മന്ത്രി ജി ആർ അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജൂൺ 30ന് അവസാനിക്കുന്ന 2025-–-26 വർഷം ആദ്യപാദത്തിലേക്ക് 5676 കിലോ ലിറ്റർ മണ്ണെണ്ണ സംസ്ഥാനത്തിന് അനുവദിച്ചു. സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണിത്. മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ കുറവ് വരുത്തിയതോടെ സംസ്ഥാനത്തെ വിതരണം പ്രതിസന്ധിയിലായിരുന്നു.
വിഹിതത്തിലെ കുറവ് മൂലം മൊത്തവ്യാപാര ഡിപ്പോകൾ പലതും പ്രവർത്തനരഹിതമായി. 2023–--24ൽ ഒരു പാദത്തിലേക്ക് 1944 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചത്. ഇത് 2024-–-25ൽ 780 കിലോ ലിറ്ററായി ചുരുക്കിയിരുന്നു.
മണ്ണെണ്ണ ചില്ലറ വിതരണം നടത്തുന്ന റേഷൻവ്യാപാരികൾക്കുള്ള കമീഷൻ ലിറ്ററിന് 3.70 രൂപയിൽനിന്ന് ആറു രൂപയാക്കി. വർധനയ്‌ക്ക് ജൂൺ ഒന്നുമുതൽ പ്രാബല്യമുണ്ട്.
അളവിലെ തിരിമറി തടയാൻ ഇ പോസ് മെഷീനും ത്രാസും ബന്ധിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി ടെൻഡർ നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
പിആർഎസ് വായ്‌പ: വിതരണം ഉടൻ
പിആർഎസ് വായ്‌പയുമായി ബന്ധപ്പെട്ട് എസ്‌ബിഐയുമായി ചർച്ച പുരോഗമിക്കുന്നതായി മന്ത്രി ജി ആർ അനിൽ. വിഷയത്തിൽ എസ്‌ബിഐ നിക്ഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. അത് പരിഹരിക്കാനാണ് ചർച്ച. ശനിയാഴ്ചയോടെ പരിഹരിക്കാനാണ് ശ്രമം. 9.5 ശതമാനം പലിശയെന്ന നയമാണ് എസ്‌ബിഐയുടേത്. കഴിഞ്ഞതവണ ഇത് 8.9 ശതമാനമായിരുന്നു. ഇത് കുറയ്‌ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.










0 comments