നാടകമേ കോൺഗ്രസ്‌: കൂസലില്ലാതെ സഭയിൽ രാഹുൽ മാങ്കൂട്ടത്തിൽ

Rahul attends niyamasabha session
വെബ് ഡെസ്ക്

Published on Sep 16, 2025, 02:43 AM | 2 min read

തിരുവനന്തപുരം: നേതൃത്വം വിലക്കിയെന്ന വാർത്തകൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്‌ കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനുൾപ്പെടെ ഇടപെട്ട്‌ വിലക്കിയെന്ന മാധ്യമവാർത്തകൾക്കിടെ അത്‌ ധിക്കരിച്ചാണ്‌ രാഹുൽ എത്തിയത്‌. രാഹുലിന്‌ അനുകൂലമായാണ്‌ കെപിസിസി പ്രസിഡന്റും യുഡിഎഫ്‌ കൺവീനറും കഴിഞ്ഞ ദിവസം പ്രതികരിച്ചത്‌.


ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില നാടകങ്ങൾ പൊളിയുന്നതും ഗ്രൂപ്പുപോരും കോൺഗ്രസിനെ വശംകെടുത്തുകയാണ്‌. രാഹുലിന്‌ എന്ത്‌ വിലക്കാണുള്ളതെന്നാണ്‌ അടൂർ പ്രകാശ്‌ മാധ്യമങ്ങളോട്‌ ചോദിച്ചത്‌. സഭയിൽ രാഹുലിന്‌ സ്പീക്കർ സംരക്ഷണം നൽകണമെന്നാണ്‌ സണ്ണി ജോസഫ്‌ പറഞ്ഞത്‌. ആരുടേയും പിന്തുണയില്ലാതെ രാഹുലിനെ പോലൊരു ജൂനിയർ നേതൃത്വത്തെ ധിക്കരിക്കുമോ എന്ന ചോദ്യവും പ്രസക്തം. സൈബർ ആക്രമണം കടുത്ത സാഹചര്യത്തിൽ സതീശൻ ഹൈക്കമാൻഡിന്‌ പരാതി നൽകി. തനിക്കെതിരെ ആക്രമണമുയർന്നിട്ടും ആരും പ്രതികരിച്ചില്ലെന്ന്‌ സതീശൻ പറഞ്ഞിരുന്നു. ഇതന്വേഷിക്കാൻ കെപിസിസി അന്വേഷണ സമിതിയെ വച്ചു.


അന്വേഷണത്തിന്‌ നേതൃത്വം നൽകുന്നതാകട്ടെ, കോൺഗ്രസ്‌ സമൂഹമാധ്യമ ചുമതലക്കാരനായ വി ടി ബലറാമും. കോൺഗ്രസിൽ സതീശനെതിരെ രൂപപ്പെടുന്ന പുതിയ കൂട്ടായ്മയുടെ ഭാഗമാണിത്‌. നാലായിരം കോൺഗ്രസ്‌ അക്ക‍ൗണ്ടുകളിൽനിന്നായുള്ള സൈബർ ആക്രമണത്തിനുപിന്നിൽ മൂന്നുപേരാണ്‌ എന്നാണ്‌ സതീശന്റെ പരാതി. ഇവരെ കണ്ടെത്താനോ സൈബർ ആക്രമണം തടയാനോ തയ്യാറായിട്ടില്ല.


ഉന്നതരായ ചില നേതാക്കളുടെ മ‍ൗനാനുവാദത്തോടെയാണ്‌ ഷാഫി, രാഹുൽ സംഘത്തിന്റെ സെബർ സേന നടത്തുന്ന ആക്രമണം. രാഹുലിന്‌ എതിരായി തെളിവുകൾ സഹിതം പരാതി ലഭിച്ചിട്ടും എന്തുകൊണ്ട്‌ സതീശൻ അനങ്ങിയില്ലെന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഐഎഎസ്‌ ഉദ്യോഗസ്ഥയുടെ അടക്കം പരാതികൾ അതിലുണ്ടെന്നാണ്‌ വാർത്തകൾ. നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യം തുടർന്നാൽ കോൺഗ്രസ്‌ കൂടുതൽ പ്രതിസന്ധിയിലാകും.


മാധ്യമങ്ങൾക്ക് മുമ്പിൽ 
ഉത്തരമില്ല


തിരുവനന്തപുരം : ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര പരാതികളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മുന്നിൽ ഉത്തരംമുട്ടി രാഹുൽ മാങ്കൂട്ടത്തിൽ. പീഡന പരാതികളടക്കമുള്ള കേസുകളെക്കുറിച്ചോ പുറത്തുവന്ന ശബ്ദരേഖയെക്കുറിച്ചോയുള്ള ചോദ്യങ്ങളോടൊന്നും പ്രതികരിച്ചില്ല. മുതിർന്ന നേതാക്കളെ വെല്ലുവിളിച്ച് സഭയിലെത്തിയ രാഹുൽ പിന്നീട്‌ തന്റെ വാദം ന്യായീകരിക്കാൻ വേണ്ടി മാത്രമാണ് മാധ്യമങ്ങളെ കണ്ടത്. ഒരു കാലത്തും കോൺഗ്രസ് നേതൃത്വത്തെ ധിക്കരിച്ചിട്ടില്ലെ
ന്നും സസ്‌പെന്‍ഷനിലിരിക്കുമ്പോള്‍ നേതാക്കളെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ ഏതെങ്കിലും നേതാക്കള്‍ നിയമസഭയിൽ വരരുതെന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയില്ല.  ആരോപണത്തെപ്പറ്റി പറയാനുള്ളതൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും മുങ്ങിനടക്കുന്നെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും രാഹുൽ പറഞ്ഞു. പുറത്തുവന്ന ശബ്ദം താങ്കളുടേതാണോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ച്‌ ചോദിച്ചിട്ടും രാഹുൽ പ്രതികരിച്ചില്ല.


സഭയിലെത്തിയത്‌ 
കോൺഗ്രസ്‌ 
സംരക്ഷിക്കുന്നതിനാൽ: ടി പി രാമകൃഷ്‌ണൻ


തിരുവനന്തപുരം: കോൺഗ്രസിന്റെ സംരക്ഷണവും പിന്തുണയുമുള്ളതിനാലാണ്‌ രാഹുൽ മാങ്കൂട്ടത്തിലിന്‌ നിയമസഭയിൽ എത്താനായതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ. അതിക്രമത്തിനിരയായ യുവതികൾ അനുഭവിച്ച മാനസിക പ്രയാസം അറിയുമായിരുന്നു എങ്കിൽ കോൺഗ്രസ്‌ രാഹുലിന്‌ അനുകൂലമായ സമീപനം സ്വീകരിക്കില്ലായിരുന്നു– മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. രാഹുൽ സഭയിൽ വരണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ടത്‌ കോൺഗ്രസാണ്‌. യൂത്ത്‌ കോൺഗ്രസ്‌ പ്രസിഡന്റു സ്ഥാനത്തുനിന്ന്‌ ഒഴിവാക്കുകയും കോൺഗ്രസ്‌ പാർലമെന്ററി പാർടിയിൽനിന്ന്‌ അദ്ദേഹത്തെ ഒഴിവാക്കുകയുംചെയ്‌തത്‌ ആരോപണങ്ങളിൽ കഴമ്പുള്ളതിനാലാണല്ലോ. ദിവസവും പുതിയ പുതിയ ആരോപണങ്ങൾ വരികയാണ്‌. കോൺഗ്രസിന്റെ ജീർണമുഖമാണ്‌ ഇതിലൂടെ വ്യക്തമാകുന്നതെന്നും ടി പി രാമകൃഷ്‌ണൻ പറഞ്ഞു.


തടഞ്ഞ് എസ്എഫ്ഐ


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വഴിയിൽ തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം. എംഎല്‍എ ഹോസ്റ്റലില്‍നിന്ന് നിയമസഭയിലേക്ക് പോകുന്ന വഴിയിലാണ് രാഹുലിന്റെ വാഹനം തടഞ്ഞത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ പ്രവര്‍ത്തകരെത്തി പ്രതിഷേധം ശക്തമാക്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് കെ ആദര്‍ശ്, ജില്ലാ സെക്രട്ടറി എം എം നന്ദന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എന്‍ ആര്‍ അര്‍ജുന്‍, മനേഷ്, ജില്ലാ കമ്മിറ്റിയംഗം നിരഞ്ജന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംഎല്‍എ സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്ത രാഹുലിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും നിയമസഭയിലെത്തിയാല്‍ ഇനിയും തടയുമെന്നും എസ്എഫ്ഐ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home