രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണം: ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: രാഹുൽ മാങ്കുട്ടത്തിൽ മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ. പീഡന പരമ്പരകളുടെ വിവരം പുറത്ത് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഇൗ സാഹചര്യത്തിൽ രാഹുൽ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. പൊതു മനസാക്ഷിയെ ഉൾക്കൊണ്ട് സ്ത്രീപക്ഷ നിലപാട് എടുക്കാൻ കോൺഗ്രസ് തയാറാകണമെന്നും അവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ച് ഉത്തരവാദിത്വത്തോടെ മാറിനിൽക്കണമെന്ന് ഉമ തോമസ് എംഎൽഎയും പറഞ്ഞു. രാഹുലിന്റെ രാജി ആവശ്യപ്പെടേണ്ടതാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്‌ചതന്നെ രാജിതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. ആദ്യം താൻ വിചാരിച്ചത് ട്രാപ്പ് ചെയ്യാനുള്ള നീക്കമാണെന്നാണ്. എന്നാൽ, ഒന്നിനുപിറകെ ഒന്നായി മറ്റുള്ളവർ പറയാൻ തുടങ്ങി. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഗുരുതരമായ വെളിപ്പെടുത്തലുകളാണ്.
ആരോപണങ്ങൾ തെറ്റായിരുന്നെങ്കിൽ രാഹുൽ മാനനഷ്ടത്തിന് കേസ് കൊടുക്കണമായിരുന്നു. എന്നാൽ, അത് ചെയ്‌തിട്ടില്ല. ആരോപണങ്ങൾ ശരിയാണെന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. രാഹുലിന്റെ മൗനം ശരിയല്ല. നമ്മുടെ ആത്മാഭിമാനത്തെ ആരെങ്കിലും ചോദ്യംചെയ്‌താൽ ആ നിമിഷം പ്രതികരിക്കും. അങ്ങനെ ചെയ്യാത്തിടത്തോളം കാലം രാജി ആവശ്യപ്പെടേണ്ടതാണ്. എംഎൽഎയെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. ജനങ്ങളെ മുൾമുനയിൽ നിർത്തരുത്. രാഹുലിനെതിരെ തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിരുന്നില്ലെന്നും ഉമ തോമസ് പറഞ്ഞു.
സ്ത്രീകൾ ഭയന്നുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റി ചർച്ച ചെയ്യുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഭാര്യയും എഴുത്തുകാരിയുമായ ഡോ. കെ ആശ ഫെയസ്ബുക്കിൽ കുറിച്ചു. സ്നേഹം നടിച്ച് പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നതിനും സന്ദേശങ്ങൾ അയക്കുന്നതിനും മായ്ക്കുന്നതിനുമായി വ്യത്യസ്ത മാർഗങ്ങളും തന്ത്രങ്ങളും ഉണ്ടെന്നതൊക്കെ ചെറിയ കുട്ടികളുൾപ്പെടെ കാണുകയാണെന്നും ഇത് ആശങ്കാജനകമാണെന്നും അവർ കുറിപ്പിൽ പറഞ്ഞു.









0 comments