സ്കൂൾ ശാസ്ത്രോത്സവം
സംഘാടക സമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ വിട്ടുനിൽക്കുമെന്ന് കരുതുന്നു: മന്ത്രി

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം 2025ന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാറി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ യോഗത്തിന്റെ നോട്ടീസിൽ അധ്യക്ഷനായി പാലക്കാട് എംഎൽഎ ആയ രാഹുൽ മാങ്കൂട്ടത്തലിന്റെ പേരാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ആരോപണങ്ങൾ ഉയർന്നതോടെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചും, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള പൊതുജനങ്ങളുടെ താൽപര്യം മുൻനിർത്തിയുമാണ് രാഹുൽ മാറിനിൽക്കണമെന്ന ആവശ്യം വരുന്നത്. യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് മുൻഗണന നൽകുന്നതിനാൽ രാഹുൽ പങ്കെടുക്കാതെ മാറി നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ചാണ് ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ചേരുന്നത്. മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി, ജില്ലയിലെ എംഎൽഎമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികൾ, പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എല്ലാ സംഘാടക സമിതി അംഗങ്ങളെയും മറ്റ് ക്ഷണിക്കപ്പെട്ട അതിഥികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ കഴിവുകൾക്ക് ചിറകുകൾ നൽകുന്ന പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments