2019 ആഗസ്‌ത് എട്ടിന് പച്ചക്കാട് പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായി , മരിച്ചത് 17 പേർ , 103 വീടും ഹെക്ടർകണക്കിന് കൃഷിയും നശിച്ചു
പുത്തുമല ദുരന്തസ്മരണയ്ക്ക് നാളെ ആറാണ്ട്

കൽപ്പറ്റ
പുത്തുമല ഉരുൾദുരന്തിന് വെള്ളിയാഴ്ച ആറാണ്ട്. 2019 ആഗസ്‌ത് എട്ടിന് പച്ചക്കാട് പൊട്ടിയൊഴുകി പുത്തുമല ഇല്ലാതായി. 17 മനുഷ്യജീവൻ പൊലിഞ്ഞു. 18 ദിവസം നീണ്ട തിരച്ചിലിൽ 12 മൃതദേഹം കണ്ടെടുത്തു. അഞ്ചുപേരെ പുഴയൊഴുക്കി. ചാലിയാർവരെ നീണ്ട തിരച്ചിലിലും ഇവരെ കണ്ടെത്താനായില്ല. കേരളം നടുങ്ങിയ ദുരന്തത്തിന്റെ ഓർമ മായുംമുമ്പാണ് പുഞ്ചിരിമട്ടം പൊട്ടി മുണ്ടക്കൈയും ചൂരൽമലയും ഒലിച്ചുപോയത്. അടുത്തടുത്ത രണ്ട് പ്രദേശങ്ങൾ അഞ്ചാണ്ടിനുള്ളിൽ രണ്ട് മഹാദുരന്തങ്ങളാണ് നേരിട്ടത്. പുത്തുമലയിൽനിന്ന് ചൂരൽമലയിലേക്ക് ജീവിതം പറിച്ചുനട്ടവരും മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ ഇരകളായി.
103 വീടും ഹെക്ടർകണക്കിന് കൃഷിയും പുത്തുമല ദുരന്തത്തിൽ നശിച്ചു. മേപ്പാടി പഞ്ചായത്തിലെ അന്നത്തെ എൽഡിഎഫ് ഭരണസമിതിയുടെ സമയോചിത ഇടപെടലാണ് നൂറുകണക്കിന് പേരുടെ ജീവൻ രക്ഷിച്ചത്. തുടർച്ചയായി രണ്ടുദിനം അതിതീവ്ര മഴ പെയ്തു. ഒരുപകൽ നീണ്ട പരിശ്രമത്തിലൂടെ പ്രദേശത്തെ കുടുംബങ്ങളെ ഒഴിപ്പിച്ചു. അന്ന് വൈകിട്ട് നാലിന് പച്ചക്കാട് പൊട്ടി പുത്തുമല കാണാതായി. വളർത്തുമൃഗങ്ങളെ നോക്കാനും സാധനങ്ങൾ എടുക്കാനുമായി വീട്ടിലേക്കെത്തിയവരായിരുന്നു ഉരുൾകൊണ്ടുപോയവരിൽ അധികവും.
ഓരോ കുടുംബത്തിനും സർക്കാർ പതിനായിരം രൂപവീതം അടിയന്തരസഹായം നൽകി. 53 കുടുംബങ്ങളെ ആറുമാസം വാടകയ്‌ക്ക് താമസിപ്പിച്ചു. വീടൊന്നിന് മാസം മൂവായിരം രൂപ വാടക നൽകി. പുനരധിവാസത്തിന് സർക്കാർ 10 ലക്ഷം രൂപവീതം അനുവദിച്ചു. മേപ്പാടി പൂത്തക്കൊല്ലിയിൽ ഏഴേക്കർ സ്വകാര്യ ട്രസ്റ്റ് നൽകി. സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 53 വീടുകൾ നിർമിച്ചു. ഒരുകുടുംബത്തിന് വീടും ഏഴ് സെന്റും നൽകി. റോഡ്, വൈദ്യുതി, കുടിവെള്ള സൗകര്യവും ഒരുക്കി. ‘ഹർഷം’ പുനരധിവാസ പദ്ധതിയിലൂടെ പുത്തുമലക്കാർ വീണ്ടും ജീവിതം നെയ്തു.
പുനരധിവാസ കേന്ദ്രത്തിലേക്ക് വരാതിരുന്ന 50 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം നൽകി. മഹാദുരന്തങ്ങളെ അതിജീവിക്കാൻ പുത്തുമല പാഠമായി. മുണ്ടെക്കൈയിലേയും ചൂരൽമലയിലേയും ദുരിതബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന ടൗൺഷിപ്പിന് ഇൗ മാതൃക കരുത്തായി.










0 comments