Deshabhimani

print edition പൊതുകടം കുതിക്കുമ്പോൾ കുത്തകകളുടെയും ബിജെപിയുടെയും സമ്പത്ത്‌ വർധിക്കുന്നു: അശോക് ധാവ്‌ളെ

karshaka sangham ashok dhawle
വെബ് ഡെസ്ക്

Published on Sep 19, 2026, 01:01 AM | 1 min read

കെ വി രാമകൃഷ്‍ണന്‍ നഗർ 
(പാതിരപ്പള്ളി കാമിലോട്ട്‌ 
കൺവൻഷൻ സെന്റർ) : മോദി ഭരണത്തിൽ കുത്തകകളുടെയും ബിജെപിയുടെയും സമ്പത്ത്‌ ക്രമാതീതമായി വർധിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പൊതുകടവും വർധിക്കുന്ന കാഴ്‌ചയാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക് ധാവ്‌ളെ പറഞ്ഞു. കേരള കർഷകസംഘം 28-–ാമത്‌ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ വി രാമകൃഷ്‌ണൻ നഗറിൽ (പാതിരപ്പള്ളി കാമിലോട്ട്‌ കൺവൻഷൻ സെന്റർ) ‘വളരുന്ന സമരങ്ങളും തുറന്നുകാട്ടപ്പെടുന്ന ഭരണകൂടവും’ എന്ന വിഷയത്തിൽ സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


മോദി സർക്കാർ പൂർണമായും കോർപറേറ്റുകൾക്കും വർഗീയതയ്‌ക്കും ജാതീയതയ്‌ക്കും കീഴ്‌പ്പെട്ട നവ ഫാസിസ്റ്റ്‌ സർക്കാരാണ്‌. ബിജെപിക്കും അവരെ നിയന്ത്രിക്കുന്ന ആർഎസ്‌എസിനും കുത്തകകളോട്‌ മാത്രമാണ്‌ കൂറ്‌. 12 വർഷംകൊണ്ട്‌ അദാനിയുടെ സ്വത്തിൽ 1535 ശതമാനം വർധനയുണ്ടായി. അംബാനിയുടേത്‌ 542 ശതമാനം വർധിച്ചു. ബിജെപിയുടെ സാമ്പത്തിക വളർച്ച 970 കോടിയിൽനിന്ന്‌ 6088 കോടിയായി ഉയർന്നു. ഇക്കാലത്ത്‌ രാജ്യത്തിന്റെ പൊതുകടത്തിൽ 391 ശതമാനത്തിന്റെ വർധനയുണ്ടായി. ഒരു ലക്ഷം കർഷകർക്ക്‌ ആത്മഹത്യ ചെയ്യേണ്ടിവന്ന രാജ്യത്താണ്‌ കുത്തകകളുടെയും അവരെ യജമാനന്മാരായി കാണുന്ന സർക്കാരിന്റെ പാർട്ടിയുടെയും സമ്പത്ത്‌ വർധിച്ചത്‌.


ഇതിനെതിരെയാണ്‌ രാജ്യത്തെ കർഷകപ്രസ്ഥാനങ്ങൾ പോരടിക്കുന്നത്‌. ഇത്തരമൊരു സർക്കാരിനെ മുട്ടുകുത്തിച്ച അഞ്ചുസമരങ്ങൾ പരിശോധിച്ചാൽ അവിടെയെല്ലാം സംഘടിതമായ സമരങ്ങളാണ്‌ വിജയത്തിലെത്തിയതെന്ന്‌ കാണാം. സമരങ്ങളെ സർക്കാർ നേരിട്ടത്‌ അടിച്ചമർത്തലിന്റെ പാതയിലാണ്‌. കുത്തകകൾക്ക്‌ കീഴടങ്ങിയ ബിജെപി ഭരണത്തെ കോൺഗ്രസിന്‌ എതിർക്കാനാവില്ല. രാഷ്‌ട്രീയമായി വ്യത്യസ്ത ചേരികളിലാണെങ്കിലും വർഗതാൽപര്യങ്ങളിൽ ഒരുപോലെയാണെന്നും ധാവ്ളെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home