ad
Deshabhimani

തടവുകാരുടെ വേതന വർധന: പ്രയോജനം ഇരകൾക്കും നിരാലംബ കുടുംബത്തിനും

jailbars
avatar
റഷീദ്‌ ആനപ്പുറം

Published on Jan 16, 2026, 07:20 PM | 4 min read

തടവുകാരുടെ വേതന വർധനവ്‌ എന്തുകൊണ്ട്‌? മാധ്യമങ്ങളുടെ സർക്കാർ വിരുദ്ധ പ്രചാരണത്തിന്റെ സത്യമെന്ത്‌? വർധനവിന്റെ യഥാർഥ ഗുണഭോക്താക്കൾ ആര്‌? കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളും വർധനവ്‌ നടപ്പാക്കിയില്ലേ....? ആശമാർ ഉൾപ്പെടെയുള്ളവരെ വൈകാരികമായി ഇളക്കിവിട്ട്‌ സർക്കാർ വിരുദ്ധ പതിവ്‌ കുപ്രചാരണത്തെക്കുറിച്ച്‌ റഷീദ്‌ ആനപ്പുറം എഴുതുന്നു.


തിരുവനന്തപുരം : തടവുകാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട്‌ കുപ്രചാരണം നടത്തുന്നവർ വേതനത്തിന്റെ വലിയൊരു പങ്ക്‌ നൽകുന്നത്‌ ഇരകൾക്കാണെന്നത്‌ മറച്ചുവെക്കുന്നു. വേതനത്തിന്റെ 30 ശതമാനമാണ്‌ ഇരകൾക്ക്‌ നൽകുന്നത്‌. കോടതികളുടെ മേൽനോട്ടത്തിലും ലീഗൽ സർവീസ്‌ അതോറിറ്റിയുടെ നിർവഹണ നിയന്ത്രണത്തിലും പ്രവർത്തിക്കുന്ന സഞ്ചിത നിധിയിലേക്കാണ്‌ ഇ‍ൗ പണം നൽകുക. ഇരകളെയും അവരുടെ കുടുംബത്തോടുമുള്ള സാമൂഹ്യ ഉത്തരവാദിത്വമാണ്‌ സർക്കാർ ഇവിടെ നിർവഹിച്ചത്‌. 2010ലെ ജയിൽ നിയമപ്രകാരമുള്ള തടവുകാരുടെ ക്ഷേമ നിധിയുടെ വിഹിതം കണ്ടെത്താനും വേതനവർധനവ് തടവുകാരെ സഹായിക്കും. സ്‌കിൽഡ് ജോലിയിൽ 620 രൂപ, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് വിഭാഗത്തിൽ 560, 530 രൂപ എന്നിങ്ങനെയാണ് വർധിപ്പിച്ചത്. തടവുകാരുടെ വേതനം 7 വർഷങ്ങൾക്ക് ശേഷമാണ് പരിഷ്കരിക്കുന്നത്. ഇതെല്ലാം മറച്ചുവെച്ചാണ്‌ ചിലർ കള്ളം പ്രചരിപ്പിക്കുന്നത്‌.


വേതനത്തിന്റെ പകുതി (50 ശതമാനം) അവരെ ആശ്രയിച്ചു കഴിയുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉപജീവനത്തിനാണ് ഉപയോഗപ്പെടുന്നത്. പല കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്‌. സ്ത്രീകൾ കൂലിവേലയടക്കം ചെയ്‌താണ്‌ കുടുംബം പോറ്റുന്നത്‌. അതിനാൽ വേതന വർധന ഇത്തരം കുടുംബങ്ങൾക്ക്‌ വലിയ താങ്ങാകും.


ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള സഞ്ചിത നിധിയിലേക്ക് തടവുകാരുടെ വേതനത്തിന്റെ ഒരു പങ്ക് ഉപയോഗപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ നേരത്തെതന്നെ സർക്കാർ നീക്കം നടത്തിയിരുന്നു. 2017 ലാണ്‌ അതിനുള്ള ആദ്യ ശ്രമം. എന്നാൽ തടവുകാരുടെ ചെറിയ വരുമാനത്തിൽനിന്ന്‌ അതിനാവശ്യമായ തുക പിടിക്കുന്നത്‌ ശരിയല്ലെന്നതിനാൽ മാറ്റി വെക്കുകയായിരുന്നു. ഇപ്പോൾ വേതനം വർധിപ്പിച്ചപ്പോൾ 30 ശതമാനം ഇരകൾക്കായി പിടിക്കാൻ തീരുമാനിക്കുകയായിരുന്നു.


എന്ത്‌കൊണ്ട്‌ വർധന


മൂന്നു വർഷം കൂടുമ്പോൾ വേതനം പരിഷ്കാരിക്കണമെന്ന്‌ 2016 ലേ മോഡൽ പ്രിസൺ മാനുവൽ ഉദ്ധരിച്ച് സുപ്രീം കോടതി കേരളമുൾപ്പടെയുള്ള ആറു സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ഓൺ ഹോം അഫയേഴ്‌സും വേതനം പരിഷ്‌കരിക്കാൻ ആവശ്യപ്പെട്ടിരുന്നു. ദേശീയ മനുഷ്യാവകാശ കമീഷൻ 1996ൽ നാഷണൽ പ്രിസൻസ്‌ ബില്ലിൽ ഉൾപ്പെടുത്തി ഓരോ സംസ്ഥാനങ്ങളിലും നിലവിലുള്ള മിനിമം വേജസ് നിരക്കിനോട് ബന്ധപ്പെടുത്തി തടവുകാരുടെ വേതന പരിഷ്കരണം നിർദേശിച്ചിരുന്നു.


1998 ലെ സുപ്രീം കോടതി വിധിയിൽ കൃത്യമായുള്ള മിനിമം വേജസ് നൽകാതെയുള്ള ജോലി /സേവനം എന്നത് തൊഴിലാളി വിരുദ്ധമായി കണക്കാക്കേണ്ടി വരുമെന്ന്‌ പറഞ്ഞിരുന്നു. തടവുകാരുടെ വേതനം അവരുടെ കുടുംബത്തിന്റെയും അവനവന്റെയും ഉപജീവനത്തിന് പര്യാപ്തമാകണമെന്നും നിഷ്കർഷിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 23 ന്റെ പരിരക്ഷ തടവുകാരന് ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.


സുപ്രീം കോടതിയുടെ ഗവേഷണ ആസൂത്രണ വിഭാഗം ജയിലുകൾ സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കർണാടക, ഹിമാചൽ, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, ആന്ധ്ര, പോണ്ടിച്ചേരി എന്നീ സംസ്ഥാന ജയിൽവകുപ്പുകൾ ഉയർന്ന വേതനം നൽകുന്നതായും മറ്റു സംസ്ഥാനങ്ങൾ താഴ്ന്ന നിരക്കുകൾ ഉയർന്നതിനോട് ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹിമാചൽ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ അവിടങ്ങളിലെ മിനിമം വേജസ് തടവുകാർക്കും നൽകുന്നുണ്ട്. നാഗാലാ‌ൻഡിലും രാജസ്ഥാനിലും പോണ്ടിച്ചേരിയിലും അത്‌ മിനിമം വേജസിന്റെ പകുതിയാണ്. ആന്ധ്ര, മേഘാലയ എന്നിവിടങ്ങളിൽ മൂന്നിൽ ഒന്നും അരുണാചൽ, ജാർഖണ്ഡ്, ബീഹാർ, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നാലിൽ ഒന്നും ആകുമ്പോൾ കേരളത്തിൽ അത്‌ അഞ്ചിൽ ഒന്നു മാത്രമായിരുന്നു. ഇക്കാര്യം വേതനം പരിഷ്കരിച്ചപ്പോൾ പരിഗണിച്ചിട്ടുണ്ട്.


വർധിപ്പിച്ച തുക പൂർണമായും തടവുകാരനോ?


വർധിപ്പിച്ച തുക പൂർണമായും തടവുകാരനല്ല ലഭിക്കുക. കോടതി വിധിയുടെ ഭാഗമായ പിഴ, കുറ്റകൃത്യത്തിന് ഇരയായവർക്ക് നഷ്ടപരിഹാരം, ജയിൽ ക്ഷേമപ്രവർത്തനങ്ങൾ എന്നിവക്കായി നിശ്ചിത വിഹിതം എടുക്കും. ബാക്കി തുക നിർബന്ധിത സമ്പാദ്യമായി സൂക്ഷിച്ചുവെക്കും. തടവുപുള്ളി ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങുമ്പോൾ മാത്രം കൊടുക്കും. അതായത്‌ ഒരാൾക്ക് ഒരു ദിവസം 100 രൂപ കിട്ടിയാൽ 30 രൂപ ഇരകൾക്ക് (30 ശതമാനം വിക്‌ടിം ഫണ്ട്‌) ബാക്കി 70 രൂപയിൽ 17. 50 രൂപ ഭക്ഷണത്തിന് (25 ശതമാനം - കാന്റീൻ) 35 രൂപ വീട്ടിലേക്ക് (50 ശതമാനം ആശ്രിതർക്ക്), 17. 50 രൂപ സേവിംഗ്സിലേക്കും (25 ശതമാനം സേവിംഗ്സിലേക്ക്) എന്നതാണ്‌ കണക്ക്‌.


ആശമാരേക്കാൾ വേതനം തടവുകാർക്കെന്ന്‌ അച്ചു നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കത്തിനിടെ ഇ‍ൗ സത്യം മാധ്യമങ്ങൾ മറച്ചുവെക്കുകയാണ്‌. ആദ്യം ആശയെ പിടിച്ചവർ പിന്നീട്‌ തൊഴിലുറപ്പ് തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികർ എന്നിവരുടെ വേതനവുമായി തടവുകാരുടെ വേതനം താരതമ്യം ചെയ്‌ത്‌ കുത്തി തിരിപ്പുണ്ടാക്കി. എന്നാൽ ജനങ്ങൾക്ക്‌ സത്യം അറിയാം. ഇ‍ൗ വർധനവിന്‌ പിന്നിൽ ആഭ്യന്തര വകുപ്പാണ്‌ എന്നതാണ്‌ മറ്റൊരു കള്ളം. സാങ്കേതികമായി ഉത്തരവിറക്കിയത്‌ ആഭ്യന്തരവകുപ്പാണ്‌. എന്നാൽ അതിലേക്ക്‌ നയിച്ചത്‌ സുപ്രിംകോടതിയും.


എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും ആണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും ശിക്ഷാകാലാവധി കഴിഞ്ഞശേഷം അവർക്ക് സമൂഹത്തിൽ മാന്യമായി ജീവിക്കുന്നതിനുള്ള സമ്പാദ്യം ഉറപ്പാക്കുന്നതിനും വർധന അനിവാര്യമാണെന്നും ചൂണ്ടിക്കാണ്ടി ജയിൽ മേധാവി സർക്കാരിന് ശുപാർശയും നൽകി. ഇതുമാത്രമല്ല കോടതിയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം 6 വ്യത്യസ്ത വേതനമുണ്ടായിരുന്നത് വിദഗ്ധ തൊഴിൽ, അർധ വിദഗ്ധ തൊഴിൽ, അവിദഗ്ധ തൊഴിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളാക്കി ഏകീകരിച്ചു.


സർക്കാരിനെതിരായ പ്രചാരണത്തിൽ കോൺഗ്രസും മുന്നിലുണ്ട്‌. എന്നാൽ അവർ ഭരിക്കുന്ന കർണാടകയിലാണ് ഏറ്റവും കൂടുതൽ ജയിൽ വേതനം നൽകുന്നത്. അവിടെ 620 രൂപവരെ വർഷങ്ങളായി നൽകുന്നു. മാത്രമല്ല, അവിടെ 50 ശതമാനം നിക്ഷേപമായി വെക്കാം. എന്നാൽ കേരളത്തിലിത്‌ 25 ശതമാനം മാത്രമാണ്‌. ജാർഖണ്ഡ്, തമിഴ്നാട്, ന്യൂഡൽഹി തുടങ്ങിയ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജയിൽ വേതനം വളരെ കുറവായിരുന്നു. ഇതാണ് നിയമ നടപടികളിലേക്ക് നയിച്ചതും സുപ്രീംകോടതി വിധിയായി വന്നതും.


കേരളത്തിൽ നിലവിൽ 58 ജയിലുകളിലായി 9462 തടവുകാരാണുള്ളത്‌. ഇ‍തിൽ 4358 പേർ റിമാൻഡ് തടവുകാരാണ്‌. തൊഴിൽ ചെയ്യാൻ അനുവദിക്കപ്പെട്ട ശിക്ഷാ തടവുകാർ 3701 ആണ്‌. അതിൽതെന്ന 2000 ത്തോളം പേർക്കേ തൊഴിൽ ചെയ്യാനാകു. കൂടുതൽ പേരും അടുക്കള ജോലിയാണ്‌ ചെയ്യുക. ആശാരിപണി, പ്രിന്റിംഗ്‌ ഉൾപ്പെടെയുള്ള അതിവിദഗ്‌ധ തൊഴിലും ചില ജയിലകളിൽ ഉണ്ട്‌. തടവുകാർ ജോലിചെയ്തുണ്ടാക്കുന്ന ഉത്പന്നങ്ങൾ വില്പന നടത്തിയും മറ്റുമാണ് ഈ തുക കണ്ടെത്തുന്നത്. ഉദാഹരണത്തിന് ജയിൽ വകുപ്പിന്റെ ചപ്പാത്തി, ചിക്കൻ കറികൾ, ബീഫ്, തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങൾ ഇപ്പോൾ വില്പന നടത്തുന്നുണ്ട്. അതുപോലെ തന്നെ ജയിലിൽ ഉണ്ടാക്കുന്ന ഫർണിച്ചറുകളും ഇങ്ങനെ വില്പന നടത്തുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home