ടിസിഎസിലെ മനുഷ്യത്വരഹിത കൂട്ടപ്പിരിച്ചുവിടൽ അവസാനിപ്പിക്കണം - പ്രതിധ്വനി

തിരുവനന്തപുരം : ടിസിഎസിലെ കൂട്ടപ്പിരിച്ചുവിടലിനെ ശക്തമായി അപലപിക്കുന്നതായി കേരളത്തിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി വ്യക്തമാക്കി. ഐടി ജീവനക്കാരോട് കമ്പനി കാണിക്കുന്ന സമീപനം തീർത്തും മനുഷ്യത്വരഹിതമാണ്. ഫോൺ കോളുകളിലൂടെ മിനിറ്റുകൾക്കുള്ളിൽ രാജിവയ്ക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നതും എച്ച്ആർ ഉദ്യോഗസ്ഥരിൽ നിന്നുള്ള ഭീഷണിയും ജീവനക്കാരുടെ അന്തസ്സിനും മൗലികാവകാശങ്ങൾക്കും മേലുള്ള നഗ്നമായ ലംഘനമാണ്.
ഈ 'പിങ്ക് സ്ലിപ്പ് സംസ്കാരം' സാധാരണവൽക്കരിക്കാൻ പാടില്ല. ഐ ടി ജീവനക്കാർ ഉപഭോഗവസ്തുക്കളല്ല- പ്രതിധ്വനി പ്രസ്താവനയിൽ വ്യക്തമാക്കി. ടിസിഎസ് പോലുള്ള കമ്പനികൾക്ക് ജീവനക്കാരെ പിന്തുണയ്ക്കാനും റീസ്കിൽ - അപ്പ്‌സ്കിൽ ചെയ്ത് ജീവനക്കാരെ നിലനിർത്താനും ധാർമികവും സാമൂഹികവുമായ ഉത്തരവാദിത്തമുണ്ട്.
ഈ പിരിച്ചുവിടലുകൾക്ക് വ്യക്തമായ മാനദണ്ഡങ്ങളോ സുതാര്യമായ മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ല എന്നത് ആശങ്കാജനകമാണ്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നടപടിയാണിത്. ഈ നടപടി ഉടൻ അവസാനിപ്പിച്ച് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ടിസിഎസിനോടും എല്ലാ ഐടി കമ്പനികളോടും ആവശ്യപ്പെടുന്നതായി പ്രതിധ്വനി പ്രസ്താവനയിൽ പറഞ്ഞു.
അന്യായമായ പിരിച്ചുവിടലുകൾക്കെതിരായ നിലപാടിൽ ഐടി ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ അന്യായമായ നടപടികൾക്ക് കമ്പനികളെ നിയന്ത്രിക്കാനും അടിയന്തിരമായി ഇടപെടാനും ആവശ്യപ്പെട്ട് കേന്ദ്ര തൊഴിമന്ത്രി ഡോ. മൻസുഖ് മാണ്ഡവിയ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ശ്രീ വി ശിവൻകുട്ടി, കേരള ലേബർ കമീഷണർ എന്നിവർക്ക് നിവേദനങ്ങൾ സമർപ്പിച്ചതായും പ്രതിധ്വനി വ്യക്തമാക്കി.









0 comments