print edition ബിജെപി നേതൃത്വം ഒരു വിഭാഗത്തിന്റെ കൈയിലെന്ന് നഗരസഭാധ്യക്ഷ

പാലക്കാട്
നഗരസഭയിലെ ബിജെപി നേതൃത്വം ഒരുവിഭാഗം ആളുകളുടെ കൈയിലാണെന്നും സ്ഥാനാർഥി നിർണയവും കൺവൻഷനും തന്നെ അറിയിച്ചില്ലെന്നും പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിശധരൻ. സ്വന്തം വാർഡിലെ സ്ഥാനാർഥിയെപ്പോലും അറിഞ്ഞത് വൈകിയാണ്. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന സമിതിയംഗംകൂടിയായ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.
പല പരിപാടികൾക്കും നേതൃത്വവും ഒരു വിഭാഗം ബിജെപി കൗൺസിലർമാരും തന്നെ ക്ഷണിക്കാറില്ല. ക്ഷണിക്കുന്ന പരിപാടികൾക്ക് കക്ഷി രാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത് അതുകൊണ്ടാണ്. പാർടിയിൽ ഒരു വിഭാഗത്തിന് മാത്രമാണ് എപ്പോഴും പ്രാധാന്യം ലഭിക്കുന്നതെന്നും പ്രമീള പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്‌ണകുമാറിന്റെ നോമിനികളാണ് പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം സ്ഥാനാർഥികളുമെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി പ്രമീള പ്രതികരിച്ചത്. ഇവരുൾപ്പെടെയുള്ള കൃഷ്‌ണകുമാർ വിരുദ്ധരൊന്നും ഇത്തവണ സ്ഥാനാർഥികളല്ല.









0 comments