വിദേശമൂലധനം സമ്പദ്‌വ്യവസ്ഥയെ ദുർബലപ്പെടുത്തും: പ്രഭാത് പട്നായിക്

കൊച്ചി
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അന്താരാഷ്ട്ര മൂലധന ചാപല്യങ്ങൾക്ക് വിട്ടുകൊടുത്ത് ദുർബലപ്പെടുത്തുകയാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ഡോ. പ്രഭാത് പട്നായിക് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സിഎസ്ബി ബാങ്ക് സമരസഹായസമിതി "ബാങ്കുകൾ വിദേശികളുടെ കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ ’ വിഷയത്തിൽ എറണാകുളത്ത് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബാങ്കുകൾ വിദേശമൂലധനത്തിന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നപക്ഷം മൗലിക കടമകളിൽനിന്ന് അവ പിൻവാങ്ങും. സംരംഭങ്ങൾക്കും ചെറുകിട വ്യവസായങ്ങൾക്കും കാർഷിക മേഖലയ്ക്കും വായ്പകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതും മറക്കും. ബാങ്കുകൾ അന്താരാഷ്ട്ര ഊഹക്കച്ചവടപാതയിലേക്ക് നീങ്ങുമെന്നും പ്രഭാത് പട്നായിക് പറഞ്ഞു.
സാമൂഹിക ഉത്തരവാദിത്വം നിറവേറ്റാനുള്ള ബാധ്യതയിൽനിന്നൊഴിഞ്ഞ് സ്വകാര്യ ബാങ്കുകളെപ്പോലെ പ്രവർത്തിക്കാൻ നവലിബറലിസം പൊതുമേഖലാ ബാങ്കുകളെയും നിർബന്ധിക്കുകയാണെന്ന് സാമ്പത്തിക വിദഗ്‌ധൻ ഡോ. ആർ രാംകുമാർ പറഞ്ഞു. മാറുന്ന കാലത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് തൊഴിലാളി സംഘടനകൾ തങ്ങളുടെ പ്രവർത്തനരീതികൾ മാറ്റി മുന്നോട്ടുപോകണമെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള പറഞ്ഞു.
ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് എൻ സനിൽ ബാബു അധ്യക്ഷനായി. അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജെറിൻ കെ ജോൺ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ മീന, എം ജി അജി എന്നിവർ സംസാരിച്ചു.









0 comments