ക്ഷേമരാഷ്‌ട്രം പടുത്തുയർത്താൻ ഇടതുപക്ഷത്തിനേ കഴിയൂ: പ്രഭാത് പട്‌നായിക്

കൊച്ചി : നവഫാസിസത്തെയും നവലിബറൽ നയങ്ങളെയും ഇല്ലാതാക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് പ്രശസ്‌ത സാമ്പത്തിക വിദഗ്‌ധൻ ഡോ. പ്രഭാത് പട്‌നായിക്. ലോകം മുഴുവൻ പടർന്നുകഴിഞ്ഞ നവഫാസിസത്തെ പരാജയപ്പെടുത്താൻ സാമ്രാജ്യത്വ–- ഫാസിസ്‌റ്റ് വിരുദ്ധ രാജ്യങ്ങളുമായി കണ്ണിചേരണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച ‘ഇന്നത്തെ ലോകം–- മുതലാളിത്ത പ്രതിസന്ധിയും രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും’ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാസിസ്‌റ്റ്–-കോർപറേറ്റ് സഖ്യത്തിന്റെ സഹായത്തോടെയാണ് രാജ്യത്ത് ഹിന്ദുത്വം വേരുറപ്പിച്ചത്. കുത്തകകളുടെ നിലനിൽപ്പിന് ഫാസിസ്‌റ്റ് നയസമീപനം വേണമെന്ന കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ നരേന്ദ്രമേദിയെ പ്രധാനമന്ത്രിയാക്കി. സാമ്പത്തിക അസമത്വം കുത്തനെ ഉയർന്നു. അമേരിക്കയിൽപ്പോലും തൊഴിലാളികൾക്ക് കൂലിവർധിച്ചില്ല. നവലിബറൽ നയങ്ങളിലൂടെ മുതലാളിത്ത പ്രതിസന്ധിയും തൊഴിലില്ലായ്‌മയും ഒരിക്കലും പരിഹരിക്കാനാകില്ല. കുത്തകകളുടെ കൈയിൽനിന്ന് നികുതി ഈടാക്കണം. സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങൾ ഉറപ്പാക്കണം.
വാർധക്യപെൻഷൻ 3000 രൂപയാക്കണം. ശരിയായ ക്ഷേമരാഷ്‌ട്രം പടുത്തുയർത്താൻ ഇടതുപക്ഷത്തിനേ കഴിയൂവെന്നും പ്രഭാത് പട്‌നായിക് പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ ചന്ദ്രൻപിള്ള, സി എം ദിനേശ് മണി, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ എന്നിവർ സംസാരിച്ചു.









0 comments