പി പി തങ്കച്ചന് വിട

പെരുമ്പാവൂർ
മുതിർന്ന കോൺഗ്രസ് നേതാവും നിയമസഭ മുൻ സ്പീക്കറുമായ പി പി തങ്കച്ചന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത്ത് വലിയ കത്തീഡ്രൽ സെമിത്തേരിയിൽ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾമൂലം വ്യാഴം വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശനി പകൽ 12.45ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മെത്രാപോലീത്തമാരായ എബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ അപ്രേം, ഏലിയാസ് മാർ യൂലിയോസ്, ഏലിയാസ് മാർ അത്തനാസിയോസ്, മർക്കോസ് മാർ ക്രിസോസ്‌റ്റമോസ്, കുര്യാക്കോസ് മാർ ക്ലിമിസ് എന്നിവരുടെ നേതൃത്വത്തിൽ സംസ്കാരശുശ്രൂഷകൾ നടത്തി.
നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിലാപയാത്ര അങ്കമാലി അകപ്പറമ്പ് സാബോർ അഫ്രോത്ത് പള്ളിയിലേക്ക് പുറപ്പെട്ടത്. മന്ത്രി റോഷി അഗസ്റ്റിൻ, എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, എം കെ രാഘവൻ, ഡീൻ കുര്യാക്കോസ്, എംഎൽഎമാരായ ആന്റണി ജോൺ, അനൂപ് ജേക്കബ്, എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രൊഫ. കെ വി തോമസ്, മുസ്ലീംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരൻ, ബിന്ദു കൃഷ്ണ, സി പി ജോൺ, എം എം മോനായി, പി സി വിഷ്ണുനാഥ് എന്നിവർ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. വൈകിട്ട് പെരുന്പാവൂരിൽ അനുശോചനയോഗവും ചേർന്നു.









0 comments