കണക്കുകൾ നിരത്തി മുഖ്യമന്ത്രിയുടെ മറുപടി; പൊലീസ് അതിക്രമം ചർച്ച ചെയ്ത് വെട്ടിലായി പ്രതിപക്ഷം

പിണറായി വിജയൻ, വി ഡി സതീശന്‍
തിരുവനന്തപുരം: പൊലീസ് സേനയിലെ കുറ്റക്കാർക്കെതിരെ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകൾ കൈക്കൊണ്ട നടപടി വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റായ പ്രവണതകളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും കുറ്റക്കാർക്കെതിരെ സർക്കാർ എന്നും കർക്കശമായ നടപടി എടുത്തിട്ടുണ്ടെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിന്തരപ്രമേയത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ച നടപടികൾ കണക്ക് സഹിതം വിശദീകരിച്ചതോടെ മറുപടി ഇല്ലാതായ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
2016 മെയ് മുതൽ 2024 ജൂൺ വരെ 108 പൊലീസുകാരെയാണ് സർക്കാർ പിരിച്ചുവിട്ടത്. അത്തരത്തിലൊരു നടപടി കോൺഗ്രസ് ഭരണത്തിലുണ്ടായിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. 2024 ഒക്ടോബർ മുതൽ ഈ വർഷം സെപ്തംബർ വരെ 36 പൊലീസുകാരെ പിരിച്ചുവിച്ചു. അങ്ങനെ കഴിഞ്ഞ ഒൻപത് വർഷമായി 144 പൊലീസുകാരെയാണ് വിവിധ നടപടികളുടെ ഭാഗമായി സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
2016 മുതൽ സമഗ്രമായ നയമാണ് സ്വീകരിക്കുന്നത്. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച കുറ്റാന്വേഷക സംവിധാനമായി കേരള പൊലീസ് മാറി. ഏതെങ്കിലും ഒരു സംഭവം എടുത്തുകാണിച്ച് അതിന്റെ പേരിൽ കേരള പൊലീസ് ആകെ മോശമായി എന്ന് ചിത്രീകരിക്കാനാകില്ല. ഇന്ന് കേരളവും ഇവിടുത്തെ പൊലീസും രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ്. അതിൽ നമുക്കാകെ അഭിമാനിക്കാമെങ്കിലും ആരെങ്കിലും ഒരാൾ അഴിമതി നടത്തിയാൽ പൊലീസിന്റെ ആകെ മികവിന് ഇടിവാകുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കുന്നംകുളം എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയായ സുജിത്ത് കുന്നംകുളം സ്റ്റേഷനിൽ മർദനത്തിനിരയായി എന്ന് ആരോപിച്ചുകൊണ്ട് തൃശൂർ സിറ്റി പൊലീസ് മേധാവിക്ക് 2023 ഏപ്രിൽ 12ന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അടിയന്തര അന്വേഷണം നടത്തിയ റിപ്പോർട്ടിന്മേൽ സബ് ഇൻസ്പെക്ടർക്ക് പുറമെ നാല് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ 2023 ഏപ്രിൽ 22ന് സ്ഥലംമാറ്റി. തുടർന്നാണ് ആരോപണ വിധേയർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തിയത്. സബ് ഇൻസ്പെക്ടർ അടക്കം മൂന്ന് പേരുടെ വാർഷികവേതന വർധന രണ്ട് വർഷത്തേക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. സുജിത്ത് ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിന്മേൽ അന്വേഷണം നടത്തി. ഉത്തരമേഖലാ ഐജിയുടെ 2025 സെപ്തംബർ ആറിലെ ഉത്തരവ് പ്രകാരം ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അച്ചടക്ക നടപടിയുടെ പുന:പരിശോധനാ നടപടികളും നടന്നുവരികയാണ്.
Related News
ഒരു ഹോട്ടലിലുണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ ഹോട്ടലുടമയുടെ മകനെയും ജീവനക്കാരനെയും പീച്ചി പൊലീസ് സ്റ്റേഷനിൽവെച്ച് എസ്എച്ച്ഒ രതീഷ് മർദിച്ചുവെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി ലഭിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മണ്ണൂത്തി പൊലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒയെ ചുമതലപ്പെടുത്തി. രതീഷിനെ തൃശൂര്‍ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലേക്ക് സ്ഥലംമാറ്റി.
കൊല്ലം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതിക്കാരിക്കൊപ്പമെത്തിയ സജീവ് എന്നയാൾ ഉദ്യോഗസ്ഥരോട് കയർത്ത് സംസാരിക്കുകയും പിന്നീട് വീണ്ടുമെത്തി ബഹളംവെക്കുകയും ചെയ്ത സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇൻവേർട്ടറിന്റെ ബാറ്ററി കാണാതായ സംഭവത്തിൽ ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി അമൽ ആന്റണി എന്നയാളുടെ വീട്ടിലെത്തിയ പൊലീസിനോട് നിസഹകരിച്ചതിനെ തുടർന്ന് സംശയം ബലപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അമലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. തുടർന്ന് പരാതിക്കാരനായ കടയുടമ ബാറ്ററി പരിശോധിക്കുകയും, തന്റേതല്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് അമലിനെ വിട്ടയക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ സ്വർണമാല മോഷണം പോയെന്ന പരാതിയിന്മേൽ പരാതിക്കാരുടെ വീട്ടിൽ ജോലിക്കാരിയായിരുന്ന യുവതിക്കുനേരെ കേസെടുത്തിരുന്നു. അന്വേഷണത്തിനിടെ പരാതിക്കാരി സ്വർണമാല തിരികെ കിട്ടിയതായും തുടരന്വേഷണം ആവശ്യമില്ലെന്ന് അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിചേർക്കപ്പെട്ട യുവതി പൊലീസിനെതിരെ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ പ്രസാദിനെയും ഗ്രേഡ് എഎസ്ഐ പ്രസന്നകുമാറിനെയും സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
2020 ജനുവരി ഒന്നിന് അടൂരിലുണ്ടായ വാഹനാപകടക്കേസിൽ വാഹനം ഓടിച്ച ആൾക്കെതിരെ മദ്യപിച്ചതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിരുന്നു. അഞ്ച് മാസത്തിന് ശേഷം ആ വ്യക്തി വീട്ടിൽ കുഴഞ്ഞ് വീഴുകയും ആശുപത്രിയിൽ എത്തിക്കവെ മരണപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ കേസെടുത്തിട്ടുണ്ട്. മരണകാരണം ഹൃദയസംബന്ധമായ അസുഖമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരെ വിളിച്ചുവരുത്തിയ സന്ദർഭത്തിൽ പരാതിക്കാരന്റെ കണ്ണിൽ കുരുമുകളക് സ്പ്രേ ചെയ്തു എന്ന സബ് ഇൻസ്പെക്ടർക്ക് എതിരായ പരാതിയിന്മേൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം നടത്തിവരികയാണ്.
2024 ഒക്ടോബർ പത്തിന് തോംസൺ തങ്കച്ചനെയും, ഭാര്യയെയും കുടുംബങ്ങളെയും ദേഹോപദ്രവം ഏൽപ്പിച്ച സംഭവത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയുടെ പരിഗണനയിലാണ്. രണ്ട് മാസത്തിന് ശേഷം തോംസൺ തങ്കച്ചനെ താമസസ്ഥലത്ത് മരണപ്പെട്ടനിലയിൽ കാണപ്പെടുകയുണ്ടായി. അമിത മദ്യപാനവും പാൻക്രിയാസിലും പിത്താശയത്തിലുമുള്ള രോഗത്തിന്റെ കാഠിന്യത്തിലുമാണ് മരണപ്പെട്ടതെന്ന് കണ്ടെത്തി. കേസിന്റെ അന്വേഷണം പൂർത്തിയാക്കി 2025 മെയ് 28ന് അന്തിമ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി.
2017ൽ 808 പരാതികളാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിയിലുണ്ടായിരുന്നത്. 2021ൽ 272 പരാതികൾ രജിസ്റ്റർ ചെയ്തു. അതിൽ 270ഉം അതോറിറ്റി തീർപ്പാക്കി. 2022ലും 2023ലും 146 വീതം പരാതികളാണുണ്ടായത്. 2024ൽ 94, 2025ൽ ഇതുവരെ 25 പരാതികളും കംപ്ലയിന്റ് അതോറിറ്റിക്ക് ലഭിച്ചു. പരാതികളുടെ എണ്ണത്തിൽ സ്വാഭാവികമായ കുറവ് സംഭവിക്കുന്നത് പരാതികൾക്കിടയാകുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് തെളിയിക്കുന്നത്.
തല്ലിച്ചതയ്ക്കാനും വെടിവെച്ചുകൊല്ലാനുമുള്ള സേന എന്ന മനോഭാവത്തിലാണ് യുഡിഎഫ് പൊലീസിനെ കൈകാര്യം ചെയ്തത്. അതല്ല എൽഡിഎഫ് നയം. കോവിഡ് കാലത്ത് രോഗവ്യാപനം വന്നേക്കാമെന്ന് മുന്നറിയിപ്പുണ്ടായിട്ടും സ്വയംസമർപ്പിച്ച് വിശ്രമരഹിതമായി ഇടപെടുന്ന പൊലീസ് സേനയെ നാം കണ്ടു. ചൂരൽമലയിലും മികച്ച നിലയിൽ പൊലീസ് ഇടപെട്ടു. ജനങ്ങളുടെ ശത്രുക്കളായി പൊലീസിനെ മാറ്റുന്ന പഴയ സംസ്കാരം ഇന്ന് മാറി.
2006ൽ പൊലീസിനെ ജനമൈത്രി പൊലീസിലേക്ക് മാറ്റാൻ എൽഡിഎഫ് ശ്രമിച്ചു. വലിയ മാറ്റമാണ് കേരളത്തിലെ പൊലീസിൽ പിന്നീടുണ്ടായത്. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകൾ ചില ഉദ്യോഗസ്ഥരിലും ഉണ്ടായി. പഴയതിന്റെ ഹാങ്ങോവറിൽ നിൽക്കുന്നവരുണ്ടാകും. അത്തരക്കാർ തെറ്റ് ചെയ്താൽ ഒരു തരത്തിലും അവരെ സംരക്ഷിക്കില്ല. പൊലീസിൽ ഏതെങ്കിലും തരത്തിലുള്ള തെറ്റായ കാര്യങ്ങൾ സംഭവിച്ചാൽ അതിനെതിരെ കർക്കശമായ നടപടി സ്വീകരിക്കുക എന്നതാണ് സർക്കാരിന്റെ സമീപനം. പിരിച്ചുവിടൽ അടക്കമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് ഈ നടപടി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments