പോക്സോ കേസ്; വയോധികന് 24 വർഷം കഠിന തടവ്

പാലക്കാട് : ഏഴ് വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വർഷം കഠിന തടവും 2,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊഴിഞ്ഞാമ്പാറ എരുത്തിയാമ്പതി മാങ്കാപള്ളം നേതാജി നഗറിൽ ചെല്ലമുത്തു (62) വിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം സിന്ധു തങ്കം ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 13 മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.
2025 സെപ്തംമ്പർ 27 നാണ് കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ഷിജു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ എം ആർ അരുൺകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എസ്‌സിപിഒ സുമതി അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി രമിക ഹാജരായി. എഎസ്‌ഐ സതി, സിപിഒ സബിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. 2025 ഡിസംബർ 19ന് പൊലീസ് ചാർജ് നൽകിയ കേസിൽ 2026 മാർച്ച് മൂന്ന് മുതൽ വിചാരണ ആരംഭിച്ചു. പ്രതി കസ്റ്റഡിയിൽ തുടരവെ നാലുമാസം കൊണ്ട് വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുകയും ചെയ്തു.










0 comments