പിഎംഎവൈ ഗ്രാമീൺ പദ്ധതി; മറ്റ് തദ്ദേശസ്ഥാപന പരിധിയിൽ ഇനി വീടുവയ്‌ക്കാം

തിരുവനന്തപുരം: ഒരു തദ്ദേശ സ്ഥാപനത്തിലെ പിഎംഎവൈ ഗ്രാമീൺ പദ്ധതി ഗുണഭോക്താക്കൾ മറ്റൊരു തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ സ്ഥലം കണ്ടെത്തി വീട് വച്ചാലും തുക അനുവദിക്കേണ്ടത് ഗുണഭോക്താവിനെ തെരഞ്ഞെടുത്ത തദ്ദേശ സ്ഥാപനം. ഇക്കാര്യം വ്യക്‌തമാക്കി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഇതോടെ തദ്ദേശസ്ഥാപന പരിധി മാറിയും ഗുണഭോക്‌താക്കൾക്ക് വീട് നിർമിക്കാം.
നേരത്തേ പിഎംഎവൈ ജി പദ്ധതിയിൽ ഗുണഭോക്‌തൃ പട്ടികയിൽ ഉൾപ്പെട്ട തദ്ദേശസ്ഥാപന പരിധിക്ക് പുറത്ത് വീട് വച്ചാൽ തുക അനുവദിക്കുന്നതിന് തടസ്സമുണ്ടായിരുന്നു. ലൈഫ് പദ്ധതിയിലെ ഗുണഭോക്‌താവിന് മറ്റൊരു പഞ്ചായത്തിൽ വീട് വച്ചാലും പദ്ധതിയിൽ ഉൾപ്പെടുത്തിയ തദ്ദേശ സ്ഥാപനം തന്നെയാണ് തുക നൽകുന്നത്. പിഎംഎവൈ ജി പദ്ധതിയിൽ ബ്ലോക്ക് പഞ്ചായത്തിൽനിന്നാണ് കേന്ദ്ര –- സംസ്ഥാന വിഹിതവും ത്രിതല പഞ്ചായത്ത് വിഹിതവും അനുവദിക്കുന്നത്.
ഈ സാഹചര്യത്തിൽ ഒരു ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു പഞ്ചായത്തിലെ ഗുണഭോക്താവ് അതേ ബ്ലോക്ക് പരിധിയിലെ മറ്റൊരു പഞ്ചായത്തിൽ ഭവനനിർമാണം നടത്തുമ്പോഴും വിഹിതം അനുവദിക്കുന്നതിന് ലൈഫ് മാതൃക പിൻതുടരുന്നതിന് അനുമതി നൽകണമെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അഭ്യർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്ന ലക്ഷ്യത്തിനായുള്ള എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ ലൈഫിൽ ഇതുവരെ 18,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. ഇതിൽ 16,000 കോടി രൂപയിലധികം സംസ്ഥാന സർക്കാർ വിഹിതമാണ്.
പിഎംഎവൈ ഗ്രാമീൺ, പിഎംഎവൈ അർബൻ പദ്ധതികളിലെ ഗുണഭോക്‌താക്കൾക്ക് മാത്രമാണ് കേന്ദ്രം സഹായം നൽകുന്നത്. 72,000 രൂപ കേന്ദ്രവിഹിതം ലഭിക്കുന്ന പിഎംഎവൈ- ജി, 1,50,000 രൂപ ലഭിക്കുന്ന പിഎംഎവൈ യു പദ്ധതികളെ ലൈഫുമായി സംയോജിപ്പിച്ചാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ഈ പദ്ധതികളുടെ ഗുണഭോക്താക്കളെയും ലൈഫ് പദ്ധതിയിലുൾപ്പെടുത്തി നാലു ലക്ഷം രൂപ ആനുകൂല്യം സംസ്ഥാന സർക്കാർ ഉറപ്പു വരുത്തുന്നു.











0 comments