ad
Deshabhimani

print edition പിഎം ശ്രീ: കോൺഗ്രസ്‌ സംസ്ഥാനങ്ങളുടെ പകർപ്പ്‌ കേരളത്തിലും

PM SRE
വെബ് ഡെസ്ക്

Published on May 24, 2026, 03:21 AM | 1 min read

തിരുവനന്തപുരം : കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയത്‌ ആവർത്തിച്ച്‌ കേരളത്തിലെ യുഡിഎഫ്‌ സർക്കാരും. കോൺഗ്രസിൽനിന്ന്‌ വ്യത്യസ്‌തമായി, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന്‌ നിലപാടെടുത്താണ്‌ എൽഡിഎഫ്‌ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചത്‌. അവകാശപ്പെട്ട ഫണ്ട്‌ നേടിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇക്കാര്യം ആവർത്തിച്ചിട്ടും വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ വലിയ വിമർശം ഉയർത്തി. തടഞ്ഞുവച്ച വിഹിതത്തിൽ ആദ്യഘട്ടം കേരളത്തിന്‌ 93 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പദ്ധതിയിൽനിന്ന്‌ പിന്മാറുന്നതായി കത്ത്‌ നൽകിയതോടെ ശേഷിക്കുന്ന എസ്‌എസ്‌കെ വിഹിതം അനുവദിച്ചില്ല.

നിലവിൽ 1065.59 കോടി രൂപയാണ്‌ ലഭിക്കാനുള്ളത്‌. കോൺഗ്രസ്‌ പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ എതിർപ്പുകൾ അധികാരം ലഭിച്ചപ്പോൾ മറന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചും സർവകലാശാലകളെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ഏറ്റുമുട്ടലിനില്ലെന്ന്‌ പ്രഖ്യാപിച്ചും ആർഎസ്‌എസ്‌ വിധേയത്വം തുടക്കത്തിലെ പ്രകടിപ്പിച്ചു. നിലവിൽ മറ്റു കോൺഗ്രസ്‌ ഭരണ സംസ്ഥാനങ്ങളെല്ലാം ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ടു പോകുകയാണ്‌. രാജ്യത്ത്‌ പിഎം ശ്രീയിൽ ആദ്യം ഒപ്പിട്ടത്‌ കോൺഗ്രസ്‌ ഭരണത്തിലുള്ള രാജസ്ഥാനാണ്‌. അശോക്‌ ഗെലോട്ട്‌ മുഖ്യമന്ത്രിയായിരിക്കെ 2022 സെപ്‌തംബർ അഞ്ചിനാണ്‌ ഒപ്പുവച്ചത്‌.

തൊട്ടുപിന്നാലെ കോൺഗ്രസ്‌ ഭരിക്കുന്ന ഹിമാചൽ പ്രദേശും പിഎം ശ്രീയുടെ ഭാഗമായി. കോൺഗ്രസ്‌ ഭരണത്തിലുള്ള കർണാടക, തെലങ്കാന സംസ്ഥാനങ്ങളും പിഎം ശ്രീയുമായി മുന്നോട്ടുപോകുകയാണ്‌. ഇവിടങ്ങളിൽ കോൺഗ്രസ്‌ അധികാരത്തിലെത്തിയ ശേഷം കൂടുതൽ സ്‌കൂളുകൾ പിഎം ശ്രീയുടെ ഭാഗമായി.

ഒന്നും പറയാനാകില്ലെന്ന് മന്ത്രി ഷംസുദീൻ

മലപ്പുറം: കേരളത്തില്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുമോയെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകാതെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ. പദ്ധതി വേണ്ടെന്നുവയ്ക്കുമോയെന്ന്‌ പറയാനാകില്ലെന്നും വിഷയത്തിൽ രാഷ്‌ട്രീയമായും നയപരമായും യുഡിഎഫാണ്‌ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം മലപ്പുറം പ്രസ്‌ ക്ലബ്ബിന്റെ മീറ്റ്‌ ദി ലീഡർ പരിപാടിയിൽ പ്റഞ്ഞു.

നിലവിലെ സ്ഥിതിയെക്കുറിച്ച്‌ റിപ്പോർട്ട്‌ തേടിയിട്ടുണ്ട്‌. പ്ലസ്‌ വണ്ണിന്‌ മുൻവർഷങ്ങളിലേതുപോലെ അധികസീറ്റും താൽകാലിക ബാച്ചുകളും ഉണ്ടാകും. സ്കൂൾ പാഠപുസ്തക വിതരണം 30നകം പൂർത്തിയാകുമെന്നും എന്‍ ഷംസുദീന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home