സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ സഹോദരങ്ങൾ: മുഖ്യമന്ത്രി

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരിക്കുന്നു
കെ വി സുധീഷ് നഗർ (കോഴിക്കോട്): ലോകത്താകെ നടത്തുന്ന ഭീകരപ്രവർത്തനങ്ങളോടൊപ്പമാണ് ആർഎസ്എസ് നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിലെ സയണിസ്റ്റുകളും ആർഎസ്എസും ഇരട്ടപെറ്റ സഹോദരങ്ങളാണ്. ജൂതരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറെ ലോകത്തെ ഒരു കൂട്ടരും അംഗീകരിക്കാതിരുന്നപ്പോൾ, അത് അനുകരണീയ മാതൃകയെന്ന് പ്രഖ്യാപിച്ചവരാണ് ആർഎസ്എസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യരീതിയില്ല ആർഎസ്എസ് പ്രവർത്തിക്കുന്നത്. മുസോളിനിയുടെ ഫാസിസ്റ്റ് സംഘടനാരൂപവും ഹിറ്റ്ലറുടെ നാസിസത്തിന്റെ ആശയവുമാണ് ആർഎസ്എസിന്. അവരുടെ ഗുരുജി താത്വികഗ്രന്ഥമായ വിചാരധാരയിൽ ആഭ്യന്തരശത്രുക്കളായി ക്രൈസ്തവരെയും മുസ്ലീങ്ങളെയും കമ്യൂണിസ്റ്റുകാരെയും എഴുതിവെച്ചു. ഇത് ഇന്ത്യയുടെ പൈതൃകത്തിൽനിന്ന് കിട്ടിയതല്ല. ഈ ആശയം ഭാരതത്തിന്റേതല്ല, ഹിറ്റ്ലറുടേതാണ്. ഹിറ്റ്ലർ ജർമനിയിലെ ആഭ്യന്തരശത്രുക്കളായി രേഖപ്പെടുത്തിയത് അവിടുത്തെ ജൂതരെയും ബോൾഷെവിക്കുകളെയുമാണ്. അക്കാലത്തെ കമ്യൂണിസ്റ്റുകാരെ ബോൾഷെവിക്കുകളെന്നാണ് വിളിച്ചത്.
കോൺഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുകയാണ്. ഇന്ന് ഇന്ത്യയെ ലോകം നേരത്തെകണ്ട ആദരവോടെയല്ല കാണുന്നത്. ഇന്ത്യയുടെ സാമ്രാജ്യത്വ വിരുദ്ധമുഖം നഷ്ടപ്പെട്ടിരിക്കുന്നു. പലസ്തീനുനേരെ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങളെ യുഎൻ ജനറൽ അസംബ്ലിയിൽ ഭൂരിഭാഗം രാഷ്ട്രങ്ങളും അപലപിച്ചപ്പോൾ ഇന്ത്യ അവർക്കൊപ്പം നിന്നില്ല. ഇസ്രയേലിന്റെ ആക്രമണത്തെ പരസ്യമായി അംഗീകരിച്ച പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറി. ഇറാനുനേരെ ഇസ്രയേൽ അഴിച്ചുവിട്ട ആക്രമണത്തെ നേരിയതോതിൽ അപലപിക്കാൻ പോലും നമ്മുടെ രാജ്യത്തിനായില്ല. അമേരിക്കൻ പക്ഷപാതിത്വ നിലപാടിനാൽ ഇസ്രയേലിനെതിരെ അര അക്ഷരം സംസാരിക്കാനാകാത്ത അവസ്ഥയിൽ ഇന്ത്യമാറി. ഇത് രാജ്യത്ത് വലിയ പ്രത്യാഘാതമുണ്ടാക്കും.
ആർഎസ്എസ് നേതൃത്വം അംഗീകരിച്ച രാഷ്ട്രീയപാർടിയാണ് ബിജെപി. വിദ്യാഭ്യാസരംഗമാകെ മാറ്റിമറിക്കാനാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമരത്തിൽ ജാതി-മത-ഭാഷ വ്യത്യാസമില്ലാതെ വ്യത്യസ്തധാരകളാണ് ഒഴുകിയെത്തിയത്. എന്നാൽ സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തമായി രൂപപ്പെട്ടുവന്നകാലത്ത് ആർഎസ്എസ് വേറിട്ടുനിന്നു. ദേശീയപ്രസ്ഥാനത്തിൽ ഒരുപങ്കും ആർഎസ്എസ് വഹിച്ചില്ല. ആൻഡമാൻ ജയിലിൽനിന്ന് സവർക്കർ മോചിതനായത് എങ്ങനെയാണ്? സ്വാതന്ത്ര്യസമരത്തെ വഞ്ചിക്കുകയായിരുന്നു സവർക്കർ. ആ ചരിത്രം അതേപോലെ രേഖപ്പെടുത്തിയാൽ ബിജെപിക്ക് ക്ഷീണമാകും, അതുകൊണ്ടാണ് ചരിത്രം തിരുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. പാഠപുസ്തകങ്ങളിൽ സവർക്ക് വീരപരിവേഷം നൽകുന്നു, മഹാത്മാഗാന്ധിയെ പോലും മറ്റൊരു രീതിയിൽ ചിത്രീകരിക്കുന്നു, ഗോഡ്സെയെ മഹത്വവൽകരിക്കുന്നു. ഈ ഘട്ടത്തിൽ എസ്എഫ്ഐ പോലുള്ള സംഘടനകൾക്ക് വലിയ ഉത്തരവാദിത്വം വഹിക്കാനുണ്ട്.
കഴിഞ്ഞ ഒൻപത് വർഷക്കാലമായി കേന്ദ്രസർക്കാർ തുടരുന്ന ശരിയല്ലാത്ത നയത്തിനെതിരെ എൽഡിഎഫ് സർക്കാർ നിലപാടെടുക്കുന്നുണ്ട്.
പാഠപുസ്തകങ്ങൾ തിരുത്തുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞപ്പോൾ ആ തിരുത്തലിന് തയ്യാറല്ലെന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു. ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇതിന്റെയെല്ലാം പക കേരളത്തോട് തീർക്കുകയാണ് കേന്ദ്രസർക്കാർ. അക്കാദമിക് മികവും പശ്ചാത്തല സൗകര്യങ്ങളുടെ വികസനവും ഒത്തുചേർന്നപ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം വളരെ മുന്നേറി. മികവിന്റെ തലങ്ങളിലാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയും. രാജ്യത്തെ ആദ്യ നൂറിൽ 16 കോളേജുകളും കേരളത്തിൽനിന്നാണ്. വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചു.
പുതിയകാലത്ത് ഒട്ടേറെ പുതിയ ചുമതലകൾ എസ്എഫ്ഐയ്ക്ക് വഹിക്കാനുണ്ട്. ഒരുഭാഗത്ത് വിദ്യാഭ്യാസ സമ്പ്രദായം കാവിവൽകരിക്കാൻ ശ്രമിക്കുന്നു, ചരിത്രം തിരുത്തിയെഴുതുന്നു. മറ്റൊരുഭാഗത്ത് രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ അപകടപ്പെടുത്തുന്ന നടപടികൾ സ്വീകരിക്കുന്നു. സാമ്രാജ്യത്വ വിരുദ്ധസമീപനവും വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും എല്ലാക്കാലത്തും എസ്എഫ്ഐ തുടർന്നുവരുന്നതാണ്. ഈ പ്രവർത്തനങ്ങൾക്കിടയിൽ അനവധി സഖാക്കളുടെ രക്തസാക്ഷിത്വം അനുഭവിക്കണ്ടിവന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അവരെല്ലാം എസ്എഫ്ഐയുടെ ആശയം മുന്നോട്ടുവെച്ച് പ്രവർത്തിച്ചതിനാൽ കൊലക്കത്തിക്കിരയായവരാണ്. എന്നിട്ടും എസ്എഫ്ഐ തളർന്നില്ല. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എസ്എഫ്ഐക്ക് കുതിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments