ad
Deshabhimani

print edition പ്രവാസി സുരക്ഷിതത്വത്തിന്‌ 
ഹൈപവർ കമ്മിറ്റി : മുഖ്യമന്ത്രി

Loka Kerala Sabha Chief Minister Pinarayi vijayan
വെബ് ഡെസ്ക്

Published on Feb 01, 2026, 03:15 AM | 2 min read


തിരുവനന്തപുരം

പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവർ അംഗങ്ങളായ കമ്മറ്റി മാസത്തിലൊരിക്കൽ യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്ന്‌, അഞ്ചാമത് ലോക കേരളസഭയുടെ സമാപന സമ്മേളനത്തിൽ പ്രവാസികളുടെ നിർദേശങ്ങൾക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


ഓസ്ട്രിയയിലും ജർമനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള എ വൺ, എ ടു, ബി വൺ, ബി ടു മോഡ്യൂളിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ, വ്യാജ നിയമനം എന്നിവ വ്യാപകമായിട്ടുണ്ട്. 2024ൽ മാത്രം ഇത്തരത്തിലുള്ള 1300 കേസ്‌ രജിസ്റ്റർചെയ്തു. ഇതിനെതിരെ ബോധവൽക്കരണം നടത്തും. സർക്കാർ പുതുതായി നോർക്ക പൊലീസ് സ്റ്റേഷൻ സ്ഥാപിക്കും. ഇവിടെ ഏത് പ്രവാസിക്കും നേരിട്ട് എഫ്‌ഐആർ രജിസ്റ്റർചെയ്യാം.


തിരികെവന്നവർക്ക്‌ ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന ആവശ്യം പരിഗണിക്കും. നോർക്ക കെയർ പദ്ധതിയിൽഉൾപ്പെടുത്താനാകുമോ എന്ന് പരിശോധിക്കും. ജർമൻഭാഷയ്‌ക്ക്‌ പുറമേ കൂടുതൽ വിദേശ ഭാഷകൾ പഠിപ്പിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് വഴി ശ്രമം നടത്തും. പഞ്ചായത്ത്, വാർഡ് തലത്തിൽ ഡയസ്‌പോറ പദ്ധതികൾ പ്രവാസി മിഷൻ മുഖേന നടപ്പാക്കും. മിഷൻ അടുത്തമാസം പ്രവർത്തനം തുടങ്ങും. തിരിച്ചുവന്നവരുടെ പുനരധിവാസം, സാമ്പത്തിക പ്രയാസം പരിഹരിക്കൽ എന്നിവ പ്രവാസി മിഷന് കീഴിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരളത്തിൽ കൂടുതൽ 
നിക്ഷേപം നടത്തണം

പ്രവാസി സമൂഹം സംസ്ഥാനത്ത്‌ കൂടുതൽ നിക്ഷേപം നടത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ലോകം അംഗീകരിക്കുന്നുണ്ട്‌. പ്രവാസികൾക്ക് നിക്ഷേപം നടത്താൻ ഷെർപ്പ ഓൺലൈൻ പ്ലാറ്റ്‌ഫോം ആവിഷ്‌കരിച്ചിട്ടുണ്ട്‌ .


ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സാഹിത്യനഗരി പദവി കിട്ടിയ നഗരങ്ങളും ഇന്ത്യയിൽ ഈ പദവി ലഭിച്ച കോഴിക്കോടുമായി ചേർന്ന് സാംസ്‌കാരിക ഇടനാഴി എന്ന പദ്ധതിക്കായി പരിശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വിദേശത്ത് പഠനത്തിനു പോകുന്നവർക്ക്‌ കൗൺസലിങ്‌ നൽകാൻ സ്റ്റുഡന്റ്‌ മൈഗ്രേഷൻ പോർട്ടലും ആവിഷ്‌കരിച്ചു. ഇതൊക്കെയും പ്രവാസികൾ പ്രയോജനപ്പെടുത്തണം. പ്രവാസി സുരക്ഷിതത്വം ഉറപ്പാക്കാൻ സുശക്തമായ കുടിയേറ്റ നിയമം കേന്ദ്രസർക്കാർ രൂപീകരിക്കണം. മൂന്നു തവണ എമിഗ്രേഷൻ ബിൽ അവതരിപ്പിച്ചെങ്കിലും ഇത് പാർലമെൻറിൽ അവതരിപ്പിച്ച് നിയമമാക്കിയിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home