print edition ലോകകരുതൽ ; സുപ്രധാന പദ്ധതികൾ ലോക കേരളസഭയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം
ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് കരുതലേകാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികൾ ലോക കേരളസഭയിൽ സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം എന്നിവയാണ് നാടിന് സമർപ്പിച്ചത്.
പ്രവാസി മലയാളികൾക്കും നിക്ഷേപകർക്കും കേരളത്തിൽ സുരക്ഷിതമായും സുതാര്യമായും നിക്ഷേപം നടത്തുന്നതിനായി സംസ്ഥാന സർക്കാരിനുകീഴിലെ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് ആവിഷ്‌കരിച്ച അത്യാധുനിക ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഷെർപ്പ. നിക്ഷേപ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്ന ഒരു വഴികാട്ടിയായി ഈ പോർട്ടൽ പ്രവർത്തിക്കും. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം, ഡിജിറ്റൽ സേവനങ്ങളുടെ സംയോജനം, നിക്ഷേപങ്ങളുടെ പുരോഗതി തത്സമയം വിലയിരുത്താനുള്ള സംവിധാനം എന്നിവയും ഷെർപ്പയുടെ പ്രത്യേകതകളാണ്.
വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് അതാത് രാജ്യങ്ങളിലെ നിയമങ്ങൾ, സർവകലാശാലാ വിവരങ്ങൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതാണ് സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ. നാലാം ലോക കേരളസഭയിൽ ഉയർന്നുവന്ന വിദ്യാർഥി കുടിയേറ്റ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ സമഗ്ര ഓൺലൈൻ സംവിധാനം ഒരുക്കിയത്.
സുരക്ഷിത കുടിയേറ്റം ഉറപ്പാക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽപ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. ലോക മലയാളികൾക്കായുള്ള ഡിജിറ്റൽ ഇടമായ ലോക കേരളം ഓൺലൈൻ പോർട്ടലിൽ സേവനങ്ങൾ വിപുലീകരിച്ചു. പ്രവാസികേരളീയർക്ക് സൗജന്യ മാനസിക ആരോഗ്യ കൺസൽട്ടേഷനും ആയുർവേദ കൺസൽട്ടേഷൻ സേവനങ്ങളും ലോക കേരളം ഓൺലൈനിൽ ലഭ്യമാക്കും. നാഷണൽ ഹെൽത്ത് മിഷൻ, ആയുഷ് മിഷൻ എന്നിവരുടെ സഹായത്തോടെയാണ് ഈ സേവനങ്ങൾ സൗജന്യമായി നൽകുന്നത്. ഫെബ്രുവരി 15 മുതൽ സേവനങ്ങൾ പോർട്ടലിൽ ലഭ്യമാകും.










0 comments