ad
Deshabhimani

ഐതിഹ്യങ്ങളെ ചരിത്രമാക്കാൻ ശ്രമം; സാംസ്കാരിക ഫാസിസമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan at Sivagiri

തീർത്ഥാടന സമ്മേളനം നിലവിളക്ക് കൊളുത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 31, 2025, 11:51 AM | 3 min read

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്‌കാരത്തെ ഏകാത്മകമായി അവതരിപ്പിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയും ഉപസംസ്‌കൃതികളും തകര്‍ക്കുകയാണ്. ഐതിഹ്യങ്ങളെയും കല്‍പ്പിത ഭാവനകളെയും ചരിത്രസത്യങ്ങളായി അവതരിപ്പിക്കുന്നു. മനുഷ്യന്റെ യുക്തിചിന്തയെയും സ്വാതന്ത്ര്യ ദാഹത്തെയും ചങ്ങലയ്ക്കിടുകയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നവരുടെ ലക്ഷ്യം. ഇത് സാംസ്‌കാരിക ഫാസിസത്തിന്റെ ദൗത്യം തന്നെയാണെന്നു തിരിച്ചറിയാന്‍ ജനാധിപത്യ വിശ്വാസികള്‍ക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 93-ാമത് ശിവ​ഗിരി തീർത്ഥാടനത്തിന്റെ ഭാ​ഗമായ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


എല്ലാ മത - ജാതി വൈജാത്യങ്ങളുടെയും വിഭജനമതിലുകള്‍ക്കപ്പുറം, മനുഷ്യന്‍ ഒന്നാണെന്നും അത് മനുഷ്യത്വത്തിന്റെ ജാതി തന്നെയാണെന്നുമുള്ള കാലാതീതമായ കാഴ്ചപ്പാട് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ചു. അരുവിപ്പുറത്തെ പ്രതിഷ്ഠയോടെയാണ് 19-ാം നൂറ്റാണ്ടിന്റെ അവസാനം കേരളീയ നവോത്ഥാനം ആരംഭിക്കുന്നത്. ഈ പ്രതിഷ്ഠയിലൂടെ ഗുരു നല്‍കിയത് അന്നു നിലനിന്നിരുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥ തകര്‍ക്കുക എന്ന സന്ദേശം തന്നെയായിരുന്നു. അന്നത്തെ തിരുവിതാംകൂറിലെ ഭരണവ്യവസ്ഥ രാജാധികാരത്തിലും നാടുവാഴിത്തത്തിലും കെട്ടിപ്പൊക്കിയതായിരുന്നു. ബ്രാഹ്‌മണനും ക്ഷത്രിയനും അധികാരം കൈയ്യാളുകയും ബഹുജനമാകെ അടിമത്തത്തിന്റെ അപമാനഭാരം പേറി ജീവിക്കുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. ആ അടിമത്തത്തില്‍ നിന്നുള്ള മോചനത്തിന്റെ ആദ്യ പടിയായിരുന്നു ബ്രാഹ്‌മണ്യത്തെ വെല്ലുവിളിക്കുക എന്നത്. മനുഷ്യന്‍ മനുഷ്യനെത്തന്നെ അടിമകളാക്കി ചൂഷണം ചെയ്തുകൊണ്ടിരുന്ന വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന ബ്രാഹ്‌മണ്യത്തിനെതിരെയാണ് ശ്രീനാരായണ ചിന്തയുടെ ആയുധം ഉയര്‍ന്നത്. ക്ഷത്രിയ - ബ്രാഹ്‌മണ അധികാര വ്യവസ്ഥയാകട്ടെ, ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളുടെ അധീശാധികാരത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്നതുമായിരുന്നു.


ആരും ആരുടെമേലും അധികാര പ്രയോഗം നടത്താത്ത, സ്വച്ഛന്ദമായ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യ ഐക്യത്തിന്റെയും സന്ദേശം തന്നെയാണ് ​ഗുരു പകർന്നുനൽകിയത്. ഒരു ജാതിവ്യവസ്ഥയുടെ മേല്‍ക്കോയ്മ തകര്‍ത്തു മറ്റൊരു ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിക്കാനുള്ളതായിരുന്നില്ല; മറിച്ച് ജാതിയേ ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കാനായിരുന്നു ഗുരു ശ്രമിച്ചത്.ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' എന്ന പ്രഖ്യാപനത്തെ ഈ ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയാല്‍, അത് ഇന്നത്തെ ദേശകാല പരിസ്ഥിതിയില്‍ ഏറ്റവും പ്രസക്തമായിരിക്കും, ചരിത്രത്തെയും സംസ്‌കാരത്തെയും ദേശീയതലത്തില്‍ ഭരണകൂടാധികാരം തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുകയാണിന്ന്.



ലോകം നേരിടുന്ന ഏതു സംഘര്‍ഷങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുന്ന സര്‍വരോഗനിവാരിണി കൂടിയാണ് ഗുരുവിന്റെ മനുഷ്യസങ്കല്‍പ്പം. ഒരു നൂറ്റാണ്ടു കഴിയുമ്പോഴും ആ സങ്കല്‍പ്പങ്ങള്‍ക്കു പ്രസക്തിയേറി വരുന്നു എന്നതുതന്നെ ഗുരുവചനങ്ങളുടെ കാലാതിവര്‍ത്തിയായ സാംഗത്യം വെളിപ്പെടുത്തുന്നു. സാധാരണ സന്യാസജീവിതം നയിക്കുന്നവരൊക്കെ അധ്യാത്മചിന്തകളില്‍ മാത്രം മുഴുകിക്കഴിയുകയാണു ചെയ്യുന്നതെങ്കില്‍, ഗുരു ചുറ്റുപാടുമുള്ള ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. അന്ധകാരജടിലമായ ആചാരങ്ങളെ മാത്രമല്ല, അന്ധകാരം കൂടുവച്ച മനസ്സുകളെയും മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതുകൊണ്ടാണ് ഫ്രഞ്ചു ചിന്തകനായ റൊമെയ്ന്‍ റോളണ്ട് 'കര്‍മനിരതനായ ജ്ഞാനി' എന്ന് ഗുരുവിനെ വിശേഷിപ്പിച്ചത്.


ഗുരുവിന്റെ സന്ദേശങ്ങളുടെ സാരസര്‍വസ്വവും ഉള്‍ക്കൊണ്ടാണ് കേരളത്തില്‍ പുരോഗമന ശക്തികള്‍ പ്രവര്‍ത്തിച്ചു പോരുന്നത്. ഐക്യ കേരളപ്പിറവിക്കു ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ഇഎംഎസ് സര്‍ക്കാര്‍ 1957 ല്‍ തന്നെ സ്വീകരിച്ച ആദ്യ രണ്ടു നിയമനടപടികള്‍ ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമായിരുന്നു. ജാതിവിവേചനങ്ങളുടെ പേരില്‍ വിദ്യാലയങ്ങളില്‍ പ്രവേശനം ലഭിക്കാതിരിക്കുകയും, പ്രവേശനം ലഭിച്ചവര്‍ക്കുപോലും ഫീസ് നല്‍കി പഠിക്കാന്‍ കഴിയാതെവരികയും ചെയ്തിരുന്ന ഘട്ടത്തിലാണ് 57 ലെ സര്‍ക്കാര്‍ എട്ടാം ക്ലാസ്സു വരെയുള്ള വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയത്. ഇതിനുശേഷം 1967 ല്‍ ഇഎംഎസ് സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയത്. ഈ രണ്ടു നിയമ നടപടികളിലൂടെയുമാണ്, പില്‍ക്കാലത്ത് രാജ്യാന്തര പ്രശസ്തമായി മാറിയ 'കേരളാ മോഡല്‍' വികസിച്ചുവന്നത്.


ഗുരുവിന്റെ ഈ പാതയിലൂടെ തന്നെയാണ് ഇപ്പോഴത്തെ കേരള സര്‍ക്കാരും മുന്നോട്ടുപോകുന്നത്. 2016 ല്‍ അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരള ജനതയെയാകെ പുരോഗതിയിലേക്കു കൊണ്ടുപോവുകയെന്ന ലക്ഷ്യം വച്ച് നാലു മിഷനുകള്‍ നടപ്പാക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഇതിനായി 'വിദ്യാകിരണം' എന്ന പേരില്‍ പദ്ധതി നടപ്പാക്കുന്നു. സ്‌കൂള്‍ വരാന്തയിലേക്കുപോലും എത്തിനോക്കാന്‍ ഒരു കാലത്തു കഴിയാതിരുന്ന സാധാരണക്കാരുടെ മക്കള്‍ ഇന്ന് ഹൈടെക് ക്ലാസ് മുറികളിലിരുന്നാണ് പഠിക്കുന്നത്. കിഫ്ബിയുടെ പിന്തുണയില്‍ ഇതിനകം കേരളത്തില്‍ 50,000 ത്തിലേറെ ഹൈടെക് ക്ലാസ്മുറികളാണ് പണികഴിപ്പിച്ചത്. കുട്ടികളുടെ സാമൂഹ്യബോധവും ശാസ്ത്രചിന്തയും ഭാവനയും ഒക്കെ വികസിപ്പിക്കുന്നതിനുതകുന്ന രീതിയിലാണ് പാഠ്യപദ്ധതിയും പരിഷ്‌ക്കരിക്കുന്നത്.


ഗുരു നിര്‍ദേശിച്ച ശുചിത്വം എത്രയേറെ പ്രാധാന്യമുള്ളതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷനുകളില്‍ ഇതുമായി ബന്ധപ്പെട്ട് 'ഹരിതകേരളം' പദ്ധതി നടപ്പാക്കി വരുന്നത്. പാവപ്പെട്ടവര്‍ക്കു വീടുവച്ചു നല്‍കുന്ന 'ലൈഫ്' പദ്ധതിയും ആരോഗ്യമേഖല കുറ്റമറ്റതാക്കുന്നതിനുള്ള 'ആര്‍ദ്രം' പദ്ധതിയും ഗുരു ചൂണ്ടിക്കാട്ടിയ സഹജീവിയെക്കുറിച്ചു പാലിക്കേണ്ട കരുതലിന്റെ അനുബന്ധങ്ങളാണ്. ഗുരു മുന്നോട്ടുവച്ച കൃഷിയുടെയും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിന്റെയും സന്ദേശങ്ങളും സര്‍ക്കാര്‍ ഫലപ്രദമായി നിര്‍വഹിച്ചാണ് മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home