പേരാമ്പ്രയിൽ തുടർച്ചയായ രണ്ടാം ദിവസവും പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണം

പേരാമ്പ്ര: പേരാമ്പ്രയിൽ തുടർച്ചയായ രണ്ടാം ദിവസവും പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകരുടെ ആക്രമണവും കല്ലേറും. പ്രവർത്തകരുടെ കല്ലേറിൽ ഷാഫി പറമ്പിൽ എംപിക്കും വടകര ഡിവൈഎസ്പി ഹരിപ്രസാദ് അടക്കം നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
വ്യാഴാഴ്ച പേരാമ്പ്ര സികെജി ഗവൺമെന്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎസ്എഫ്, കെഎസ്‌യു പ്രവർത്തകരും യുഡിഎഫുകാരും നടത്തിയ പ്രകടനം അക്രമാസക്തമായിരുന്നു. പേരാമ്പ്ര - കുറ്റ്യാടി സംസ്ഥാന പാത മൂന്നു മണിക്കൂറോളം ഉപരോധിച്ച യുഡിഎഫുകാർ പൊലീസിനെ കല്ലെറിയുകയും കൊടി കെട്ടിയ വടികൾ എറിയുകയുമായിരുന്നു.
റോഡിൽ കുത്തിയിരുന്ന പ്രവർത്തകർ അക്രമം നടത്തിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചെങ്കിലും രക്ഷയില്ലാതായതോടെ ലാത്തിവീശി പ്രവർത്തകരെ പിരിച്ചു വിടുകയാണ് ഉണ്ടായത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര ടൗണിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിലും പരക്കെ അക്രമങ്ങളുണ്ടായി.
പഞ്ചായത്ത് ഓഫീസിൽ കയറിയ ഒരു വിഭാഗം പ്രവർത്തകർ പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിനെ കയ്യേറ്റം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റിന് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെയാണ് യുഡിഎഫ് പ്രവർത്തകർ പ്രകടനവുമായെത്തിയത്.
ഷാഫി പറമ്പിൽ എംപി പ്രകടനത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഷാഫി എത്തുന്നതിനു മുമ്പുതന്നെ പ്രകടനം ആരംഭിച്ചു. പേരാമ്പ്ര - ചേനോളി റോഡ് ജംഗ്ഷനടുത്ത് വച്ച് പൊലീസ് പ്രകടനം തടഞ്ഞതോടെ പ്രവർത്തകർ പൊലീസുകാരെ കല്ലെറിയാൻ തുടങ്ങി. ഗത്യന്തരമില്ലാതായതോടെയാണ് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചത്. ഇതോടെ പൊലീസിന് നേരെ യുഡിഎഫ് പ്രവർത്തകർ തുടർച്ചയായി കല്ലെറിയുകയായിരുന്നു. സംഘർഷം നടക്കുന്നതിനിടയിൽ സ്ഥലത്തെത്തിയ ഷാഫി പറമ്പിൽ എംപിക്ക് പരിക്കേൽക്കുകയായിരുന്നു.









0 comments