എക്സ്പ്ലോസീവ് ആക്ട് പ്രകാരം യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു
പേരാമ്പ്രയിലെ യുഡിഎഫ് അക്രമം ; സ്ഫോടകവസ്തു എറിഞ്ഞതായി ഫോറൻസിക് സ്ഥിരീകരിച്ചു

പേരാമ്പ്രയിൽ യുഡിഎഫ് പ്രവർത്തകർ സ്ഫോടകവസ്തു എറിയുന്നതിന്റെ ദൃശ്യം
പേരാമ്പ്ര
കലാപ ആഹ്വാനവുമായി പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ യുഡിഎഫ് നടത്തിയ പ്രകടനത്തിൽ സ്ഫോടകവസ്തു എറിഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്‌ഫോടനം നടത്തിയതായി വെളിപ്പെട്ടത്. തിങ്കളാഴ്ച പേരാമ്പ്ര ചേനോളി റോഡ് ജങ്‌ഷന് സമീപവും സംസ്ഥാനപാതയിലും ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തു ഉപയോഗിച്ചതിന്റെ അവശിഷ്ടം കണ്ടെത്തി. ഇതിനെ തുടർന്ന് എക്സ്പ്ലോസീവ്സ് ആക്ട് പ്രകാരം യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച യുഡിഎഫ് അക്രമത്തിനിടെ പൊലീസിനെതിരെ സ്‌ഫോടകവസ്‌തു എറിയുന്നതും പൊട്ടിത്തെറിക്കുന്നതും പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രത്തിലുണ്ട്. വെള്ളി വൈകിട്ട് 5.45നും രാത്രി 8.30നുമിടയിൽ പകർത്തിയ ദൃശ്യങ്ങളാണിത്.
യുഡിഎഫുകാർ പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ജീവൻ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയുമാണ് സ്ഫോടകവസ്തു എറിഞ്ഞതെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ കലാപമുണ്ടാക്കാൻ യുഡിഎഫ് ആസൂത്രണംചെയ്തുവെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമികളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവരുണ്ട്. യുഡിഎഫുകാർ വലിയതോതിൽ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതായും വിവരം ലഭിച്ചു.
പൊലീസിനുനേരെ ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു എറിഞ്ഞുവെന്നത് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ തിങ്കളാഴ്‌ച നിഷേധിച്ചിരുന്നു. യുഡിഎഫ് പ്രവർത്തകരുടെ ആക്രമണത്തിൽ വടകര ഡിവൈഎസ്‌പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്‌പി എൻ സുനിൽകുമാർ എന്നിവരടക്കം 10 പൊലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.









0 comments