മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങി തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

എടക്കര: മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങി തട്ടിപ്പ് നടത്തിയ സഹകരണ ബാങ്ക് ജീവനക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ. യുഡിഎഫ് ഭരിക്കുന്ന എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് ജീവനക്കാരനായ എൻ ജെ കുര്യനെതിരായാണ് നടപടി. ഇയാൾ യൂത്ത് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം ദേശാഭിമാനിയാണ് പെൻഷൻ തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത്. സഹകരണ വകുപ്പ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചതോടെ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
മുസ്ലിംലീഗ് പ്രാദേശിക നേതാവ് ടി കെ മുജീബാണ് ബാങ്ക് പ്രസിഡന്റ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ അബ്ദുൾ റസാഖിന്റെ വാർഡിലാണ് മാസങ്ങളായി പെൻഷൻ തട്ടിപ്പ് നടന്നത്. വൈസ് പ്രസിഡന്റ് തട്ടിപ്പ് മൂടിവയ്ക്കാൻ ശ്രമിച്ചതായി ആരോപണമുണ്ട്. മുൻ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി നേതാവുമായ ഒ ടി ജെയിംസിന്റെ അടുത്ത ബന്ധുവാണ് തട്ടിപ്പ് നടത്തിയ ജീവനക്കാരനായ കുര്യൻ. തട്ടിപ്പിൽ മറ്റു പല ഉന്നതർക്കും ബന്ധമുണ്ട്. പൊലീസിന് കേസ് കൊടുക്കാൻ ബാങ്ക് തയ്യാറായിട്ടില്ല.
മുസ്ലിംലീഗ് നേതാവും കൊണ്ടോട്ടി എംഎൽഎയുമായ ടി പി അശ്റഫലി എടക്കര ഈസ്റ്റ് ഏറനാട് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. മൂന്ന് മാസംമുമ്പുവരെ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ടി പി അശ്റഫലിയായിരുന്നു. ഈ സമയത്താണ് ജീവനക്കാരൻ തട്ടിപ്പ് ആരംഭിച്ചത്. ബാങ്കിൽ നടന്ന തട്ടിപ്പുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. കുര്യനിൽനിന്ന് തട്ടിപ്പ് പണം തിരിച്ചടപ്പിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.








0 comments