'പരിവാഹൻ പണിയായി' ; ചെക്പോസ്റ്റുകളിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു, യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം : കേരള മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് പണിമുടക്കിയതോടെ അതിർത്തി ചെക് പോസ്റ്റുകളിലടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. വിനോദയാത്രയ്ക്കുപോയ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. സൈറ്റ് തകരാറിലായതോടെ അതിർത്തി കടക്കാനുള്ള സ്പെഷ്യൽ പെർമിറ്റ് ലഭിക്കുന്നില്ല. പേയ്മെന്റ് ഗേറ്റ് വേ തകരാറിലായതാണ് കാരണം.
കഴിഞ്ഞ ദിവസം വൈകിട്ടുമുതലാണ് പ്രശ്നം ആരംഭിച്ചത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ അതിർത്തി കടക്കേണ്ട പെർമിഷൻ ലഭിക്കാത്തതിനാൽ നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും ചെക്പോസ്റ്റുകളിൽ വ്യാപകമായി കുടുങ്ങി. പ്രധാനമായും കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടവരാണ് കുടുങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരികളുമായി പോകുന്ന വാഹനങ്ങൾക്ക് സ്പെഷ്യൽ പെർമിറ്റ് നിർബന്ധമാണ്. പ്രശ്നം രൂക്ഷമായിട്ടും പരിശോധന നടത്തുകയാണെന്നും ഉടൻ പരിഹരിക്കുമെന്നും മാത്രമാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ടുമുതൽ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടും കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനാലാണ് സമയമിത്ര കഴിഞ്ഞിട്ടും വാഹനങ്ങൾക്കും യാത്രക്കാർക്കും കുടുങ്ങിക്കിടക്കേണ്ടി വന്നതെന്ന് ബസ് ഡ്രൈവർമാർ പറയുന്നു.
സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരാണ് ചെക്പോസ്റ്റുകളിൽ കുടുങ്ങിയത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലാത്ത ചെക്പോസ്റ്റുകളിലാണ് വാഹനങ്ങൾ കുടുങ്ങിയത്.








0 comments