ad
Deshabhimani

സതീശൻ്റെ വിശ്വസ്തൻ പ്രതിയായ എംഡിഎംഎ കേസ്; പ്രതികൾ സാമ്പത്തിക ഇടപാട് നടത്തിയത് മൊബൈൽ ഷോപ്പുകൾ വഴി

v d satheesan mdma
വെബ് ഡെസ്ക്

Published on Sep 20, 2026, 11:30 AM | 2 min read

കാസർകോട് : മുഖ്യമന്ത്രി വി ഡി സതീശൻ്റെ വിശ്വസ്തനായ കെ എച്ച് മുഹമ്മദ് ഹുസൈൻ മുഖ്യപ്രതിയായ കാലിക്കടവ് എംഡിഎംഎ കേസിൽ പ്രതികൾ സാമ്പത്തിക ഇടപാട് നടത്താൻ പണം അയച്ചത് വിവിധ മൊബൈൽ ഷോപ്പുകൾ വഴി. കേസിൽ ജയിലിൽ കഴിയുന്ന നാലു പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. രണ്ടു പ്രതികൾ നൽകിയ ജാമ്യാപേക്ഷ പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ നാടകീയമായി പിൻവലിച്ചു.


മുഹമ്മദ് ഹുസൈനും സൈനുൽ ആബിദുമാണ് സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നത്. പെരുമ്പാവൂരിലടക്കമുള്ള വിവിധ മൊബൈൽ ഷോപ്പുകൾ വഴിയാണ് പ്രതികൾ പണം മയക്കുമരുന്നിനായി കൈമാറിയതായാണ് വിവരം. പണം നേരിട്ട് മൊബൈൽ ഷോപ്പുകളിൽ എത്തിച്ച് ഇവിടെ നിന്നും ഓൺലൈൻ ഇടപാട് നടത്തുന്നതാണ് രീതി.


മയക്കുമരുന്ന് കച്ചവടത്തിനായി ഓൺലൈൻ ഇടപാട് നടത്തുന്ന വിവരം പുറത്തു വരാതിരിക്കാനാണ് ഈ രീതി സ്വീകരിച്ചത്. ലഹരി മരുന്ന് എത്തിച്ചു നൽകിയിരുന്ന ഗുജറാത്ത് സ്വദേശിനി റിയ ഖാന് നേരിട്ടും യൂത്ത് കോൺഗ്രസുകാർ ഉൾപ്പെട്ട സംഘം പണം കൈമാറി. പ്രതികളുടെ സാമ്പത്തിക സ്രോതസുമായി ഒരുതരത്തിലുള്ള അന്വേഷണവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നില്ല. ലക്ഷക്കണക്കിന് രൂപ മയക്കുമരുന്ന് ഇടപാടിനായി സംഘത്തിന് എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമായി തുടരുകയാണ്.


പ്രതികളായ മുഹമ്മദ് ഹുസൈൻ, സൈനുൽ ആബിദ് , റിയ ഖാൻ, മുഹമ്മദ് സാബിർ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. 16 മുതൽ 19 വരെയാണ് പ്രതികളെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു പോകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ പ്രതികളുടെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നാടകീയ നീക്കങ്ങൾ നടന്നു.


മുഹമ്മദ് ഹുസൈനും അബ്ദുൽ സലാമിനുമായി സെപ്റ്റംബർ അഞ്ചിന് അഭിഭാഷകർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. 18 ന് റിപ്പോർട്ട് നൽകാൻ അന്വേഷണ സംഘത്തോട് കാസർകോട് ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ടു. പൊലീസ് റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ പ്രതികളുടെ അഭിഭാഷകർ ജാമ്യാപേക്ഷ പിൻവലിക്കുകയായിരുന്നു. അറസ്റ്റിലായി 41 ദിവസം പിന്നിടുമ്പോഴും ജാമ്യം ലഭിക്കാനുള്ള നീക്കം പ്രതികൾ നടത്താത്തത് അന്വേഷണ വിവരങ്ങൾ കോടതി വഴി പുറത്തു വരാതിരിക്കാനാണെന്നാണ് ആരോപണം ഉയരുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home