ad
Deshabhimani

ആർഎസ്എസ് അജൻഡകൾക്കെതിരെ സിപിഐ എം തീർക്കുന്നത് വലിയ പ്രതിരോധം: പി ജയരാജൻ

rss p jayarajan
വെബ് ഡെസ്ക്

Published on Sep 20, 2026, 11:38 AM | 2 min read

കണ്ണൂർ: ആർഎസ്എസ് അജൻഡകൾ കേരളത്തിൽ നടപ്പാകാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധംകൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം പി ജയരാജൻ. കേരളത്തിൽ പിടിമുറുക്കാനുള്ള ആർഎസ്‍എസിന്റെ പദ്ധതി എത്രയോ ദശകങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. 1940കൾ മുതൽ ആർഎസ്‍എസിന്റെ ശാഖാ പ്രവർത്തനങ്ങൾ കേരളത്തിലാരംഭിച്ചു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ശാഖാ പ്രവർത്തനം നടക്കുന്നത് കേരളത്തിലാണെന്നാണ് ആർഎസ്‍എസ് അവകാശപ്പെടുന്നത്. പക്ഷെ എന്തേ കേരളം ​ഗുജറാത്തും മധ്യപ്രദേശുമായി മാറാത്തത്? അത് കോൺ​ഗ്രസിന്റെയോ മുസ്ലീം ലീ​ഗിന്റെയോ ബലംകൊണ്ടല്ല. മറിച്ച്, സിപിഐഎം ജനങ്ങളെ അണിനിരത്തി സംഘപരിവാർ ആശയങ്ങൾക്കെതിരായി നടത്തിയ ധീരമായ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് - പിജയരാജൻ പറഞ്ഞു.


എന്നാൽ ഈ പ്രതിരോധം കമ്യൂണിസ്റ്റുകാരുടെ മാത്രം പങ്കാളിത്തതോടുകൂടി നടത്തേണ്ട കാര്യമാണെന്ന് കരുതുന്നില്ല. കേരളത്തിന് വലിയ നവോത്ഥാന പാരമ്പര്യമുണ്ട്. ശ്രീനാരായണ ​ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും വാ​ഗ്ഭടാനന്ദന്റെയും അയ്യങ്കാളിയുടെയുമൊക്കെ വലിയ നവേത്ഥാന പാരമ്പര്യങ്ങളാണ് നമുക്കുള്ളത്. ഈ പാരമ്പര്യത്തിലൊക്കെ സംഘപരിവാറിനെ ചെറുക്കേണ്ട ആശയങ്ങളുടെ സ്രോതസുണ്ട്. ആ സ്രോതസിനെയടക്കം ഉൾപ്പെടുത്തി കമ്യൂണിസ്റ്റ് പാർടികളും നാനാവിധത്തിലുള്ള വർ​ഗ സംഘടനകളും മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരും ചേർന്ന് വലിയ ചെറുത്തുനിൽപ്പുണ്ടാകണം.


ആർഎസ്എസിന്റെ വർ​ഗീയ പ്രചാരണം ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആർഎസ്എസ് മേധാവി ന്യൂയോർക്കിൽ പോയി പ്രസം​ഗിച്ചു. മോഹൻ ഭാ​ഗവത് വരുന്നു എന്ന് അറിഞ്ഞ് മാഡിസൺ സ്ക്വയറിൽ ആളുകൾ പ്രതിഷേധിച്ചെങ്കിലും അദ്ദേഹം അവിടെ പ്രസം​ഗിക്കുകയുണ്ടായി. ഏകതയെക്കുറിച്ചാണ് അദ്ദേഹം അവിടെ സംസാരിച്ചത്. എന്നാൽ ഇന്ത്യയിൽ ആർഎസ്എസും സംഘപരിവാറും ഏകതയാണോ നടപ്പാക്കുന്നത്? തീർച്ചയായും ഭിന്നത സൃഷ്ടിക്കുന്ന ശക്തിയാണ് അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


കോഴിക്കോട് നടന്ന സിപിഐ എം വിപുലീകൃത യോ​ഗം പാർടി പ്രവർത്തകർക്കും ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ആ​ഗ്രഹിക്കുന്നവർക്കും വലിയ ആവേശമായി മാറിയെന്നും പി ജയരാജൻ വ്യക്തമാക്കി. കേരളത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യത്തിൽ, അതിനെതിരെയുള്ള പോരാട്ടത്തിന് സിപിഐ എം നേതൃത്വം നൽകണമെന്ന് ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ നിരാശരായ ജനങ്ങൾക്ക് ഈ യോ​ഗം പുതിയ ഒരു ഊർജമാണ് നൽകിയത്. ഈ കമ്മിറ്റിയോടുകൂടി എടുത്ത തീരുമാനങ്ങൾ അവസാനിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


കോൺ​ഗ്രസ് ഏതെങ്കിലും കാലത്ത് പരാജയത്തിന്റെ കാരണമറിയാൻ കമ്മിറ്റി കൂടിയതായി കേട്ടിട്ടുണ്ടോ? അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ദിരാ ​ഗാന്ധിയെയും സഞ്ജയ് ​ഗാന്ധിയെയും ജനങ്ങൾ തോൽപ്പിച്ചു. കോൺ​ഗ്രസിന്റെ വൻ തോക്കുകളെല്ലാം പരാജയപ്പെടുകയും മുപ്പത് വർഷക്കാലം തുടർച്ചയായി ഭരിച്ച ആ പാർടി അധികാര കസേരയിൽ നിന്ന് അടിതെറ്റി താഴെ വീഴുകയും ചെയ്തു. അന്ന് കോൺ​ഗ്രസ് എന്തെങ്കിലും ആത്മ പരിശോധന നടത്തിയോ?


ആർഎസ്എസിന്റെ ആജ്ഞകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുന്ന ഒരു പാർടിയായി ബിജെപി മാറിയില്ലേ? കള്ളപ്പണം കൈകാര്യം ചെയ്യുന്ന പാർടി എന്ന പ്രതീതിയും ഇതിനോടകം ഉണ്ടായിട്ടുണ്ട്. ഇതേ പാർടിയുടെ കേരളത്തിലെ അവസ്ഥയെന്താണ്? ​ഗ്രൂപ്പുകളായി ചേരിതിരിഞ്ഞല്ലേ ഇവിടെ അടി നടക്കുന്നത്. ഇത് സംബന്ധിച്ച് ജനങ്ങളിൽ മതിപ്പ് കുറഞ്ഞ സാഹചര്യത്തിൽ ബിജെപി എന്തെങ്കിലും പരിശോധനയ്ക്ക് തയാറായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.


എന്നാൽ ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ സംഘടനാ രീതികളും പ്രവർത്തനങ്ങളുമുള്ള പാർടിയാണ് സിപിഐ എം. പാർടിക്കകത്ത് ഉൾപാർടി ചർച്ചകൾ നടത്തിയാണ് സിപിഐ എം തങ്ങളുടെ പ്രവർത്തനങ്ങളെ എന്നും കരുത്തുറ്റതാക്കുന്നതെന്നും പിജയരാജൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home