പാറശ്ശാലയിൽ മാല പൊട്ടിക്കാൻ ശ്രമം; മോഷ്ടാവിന്റെ സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട് വയോധിക, പ്രതി പിടിയിൽ

തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ നേരിട്ട് വയോധിക. മോഷ്ടാവ് രക്ഷപ്പെടാൻ ഉപയോഗിച്ച സ്‌കൂട്ടർ തോട്ടിലേക്ക് തള്ളിയിട്ട, വീട്ടമ്മയുടെ സമയോചിതമായ ഇടപെടൽ കാരണം പ്രതി പിടിയിലായി. ചെങ്കൽ ആറയൂർ സ്വദേശി വിജയദാസ് (40) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പരശുവയ്ക്കൽ ആടുമൻകാടിന് സമീപത്തെ ഇടറോഡിലായിരുന്നു സംഭവം. പ്രദേശവാസിയായ പ്രസന്നകുമാരി (61) നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ പ്രതി ആക്രമണം നടത്തിയത്. വാഹനം റോഡരികിൽ നിർത്തിയ ശേഷം കാൽനടയായി എത്തിയ വിജയദാസ് പ്രസന്നകുമാരിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്ത് സ്‌കൂട്ടറിൽ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ വയോധിക മോഷ്ടാവിനെ ചെറുക്കുകയും ഇയാൾ രക്ഷപ്പെടാൻ വെച്ചിരുന്ന സ്‌കൂട്ടർ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു.
വാഹനം തോട്ടിലേക്ക് മറിഞ്ഞതോടെ പരിഭ്രാന്തനായ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പ്രസന്നകുമാരിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പാറശ്ശാല പൊലീസിൽ വിവരമറിയിക്കുകയും പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു. തോട്ടിൽ വീണ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









0 comments