ബിജെപി നേതാവ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വിധി ഇന്ന്


സ്വന്തം ലേഖകൻ
Published on Nov 14, 2025, 07:19 AM | 1 min read
തലശേരി: ബിജെപി നേതാവായ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ തലശേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്‌ജി എം ടി ജലജറാണി വെള്ളിയാഴ്‌ച വിധിപറയും. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്‌എസ്സുകാരനുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസിൽ കെ പത്മരാജൻ (പപ്പൻ മാഷ്﹣49) ആണ് പ്രതി.
2020 ജനുവരി, ഫെബ്രുവരി മാസത്തിൽ മൂന്നുതവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. എൽഎസ്‌എസ് സ്‌കോളർഷിപ്പ് പരീക്ഷക്ക് സ്‌പെഷ്യൽ ക്ലാസിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് ഒരു തവണ പീഡിപ്പിച്ചത്. ഒരു ദിവസം ഉച്ച സമയത്തും മറ്റൊരിക്കൽ 11.30ന് ക്ലാസ് വിട്ട സമയത്തും പീഡിപ്പിച്ചു. രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് കുട്ടി ചികിത്സതേടിയിരുന്നു. മെഡിക്കൽ പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗത്തടക്കം മുറിവേറ്റതായും കണ്ടെത്തി.
പിതാവ് മരിച്ച നാലാംക്ലാസുകാരിയെ സ്‌നേഹം നടിച്ചാണ് അധ്യാപകൻ വരുതിയിലാക്കിയത്. പീഡന വിവരം പുറത്തുവന്നതോടെ, ആ സമയത്ത് സ്‌കൂളിലുണ്ടായിരുന്നില്ലെന്ന വാദമാണ് അധ്യാപകൻ ഉയർത്തിയത്. ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവുമുണ്ടായി. കുട്ടികൾ സംഭവത്തെക്കുറിച്ച് പറയുന്പോൾ തീയതിക്ക് പ്രാധാന്യം നൽകേണ്ടതില്ലെന്ന ഹൈക്കോടതി ഉത്തരവ് പ്രോസിക്യൂട്ടർ പി എം ഭാസുരി കോടതിയിൽ ഹാജരാക്കി. കുട്ടിയുടെ ഭാവനയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമുള്ള ആരോപണവും വിചാരണവേളയിലുണ്ടായി. എൽഎസ്‌എസ് നേടിയ കുട്ടി പഠനത്തിൽ മിടുക്കിയാണെന്നും മാനസികപ്രശ്‌നവുമൊന്നുമില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു.
പാലത്തായി പീഡനക്കേകേസിനെ സംസ്ഥാന സർക്കാരിനെതിരെ ഉപയോഗിക്കാനാണ് യുഡിഎഫും എസ്‌ഡിപിഐയും വലതുപക്ഷവും തുടക്കം മുതൽ ശ്രമിച്ചത്. ചാനലുകളിൽ ദിവസങ്ങളോളം അന്തിച്ചർച്ചയുമുണ്ടായി. പ്രതിയായ അധ്യാപകന് പിന്തുണയുമായി സംഘപരിവാർ സംഘടനകളും രംഗത്തുവന്നിരുന്നു.








0 comments