ഇതുവരെ പഴനിയിൽ പോയിട്ടില്ല, ഇനിയൊന്നു പോകണം': മീഡിയ വണ്ണിന്റെ വ്യാജ പ്രചാരണത്തിന് പി രാജീവിന്‍റെ മറുപടി

മന്ത്രി പി രാജീവ് പഴനിയിൽ പോയെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച് മീഡിയ വൺ.‘പഴനിയിലെ ഫാം ഹൗസിൽ’ വെച്ച് വനിതാപ്രസിദ്ധീകരണത്തിന് അഭിമുഖം നൽകിയെന്നായിരുന്നു മീഡിയ വണ്ണിന്റെ നട്ടാൽ കുരുക്കാത്ത നുണ. വാർത്തയോട് പ്രതികരിച്ച പി രാജീവ്, അവർ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണമെന്നും ഇതുവരെ ഞാൻ കാണാത്ത പഴനിയിൽ, ആരും കാണാത്ത അഭിമുഖത്തിൽ, മീഡിയാ വണ്ണിലെ ചിലർ മാത്രം കണ്ട ഫാം ഹൗസ് കാണിച്ചു തരുമ്പോൾ അത് മീഡിയവണ്ണിന് രജിസ്റ്റർ ചെയ്ത് കൊടുക്കണമെന്നും മന്ത്രി പരിഹസിച്ചു
പി രാജീവിന്റെ പ്രതികരണം
ഇതുവരെ പഴനിയിൽ പോയിട്ടില്ല. ഇനിയൊന്നു പോകണം. മീഡിയവണ്ണിൽ ഔട്ട് ഓഫ് ഫോക്കസ് അവതരിപ്പിക്കുന്നവരേയും കൂടെകൂട്ടണം. ‘പഴനിയിലെ ഫാം ഹൗസിൽ’ വെച്ച് വനിതാപ്രസിദ്ധീകരണത്തിൽ നൽകിയതായി പറയുന്ന, അവർ മാത്രം കണ്ട അഭിമുഖത്തിന്റെ കോപ്പി ചോദിച്ചുവാങ്ങണം. ഇതുവരെ ഞാൻ കാണാത്ത പഴനിയിൽ, ആരും കാണാത്ത അഭിമുഖത്തിൽ, മീഡിയാ വണ്ണിലെ ചിലർ മാത്രം കണ്ട ഫാം ഹൗസ് അദ്ദേഹം കാണിച്ചു തരുമ്പോൾ അത് മീഡിയവണ്ണിന് രജിസ്റ്റർ ചെയ്ത് കൊടുക്കണം.
എത്ര ശാന്തമായാണ് നട്ടാൽ മുളയ്ക്കാത്ത നുണ ആധികാരികമെന്ന മട്ടിൽ അവതരിപ്പിക്കുന്നത്. മീഡിയാ വണ്ണിൻ്റെ ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ ഈ പച്ചക്കള്ളം വിളിച്ചു പറഞ്ഞത് എന്തെങ്കിലും വിധത്തിലുള്ള പരിശോധനയുടെ അടിസ്ഥാനത്തിലാണോ? ഇതെന്ത് മാധ്യമപ്രവർത്തനമാണ്?. ഇപ്പോൾ സ്റ്റോറി പിൻവലിച്ചതായി പ്രമോദ് രാമൻ പറയുന്നു. പക്ഷേ നുണ ലോകം ചുറ്റിയ ശേഷം സത്യത്തിന് ചെരിപ്പ് അന്വേഷിച്ചതു കൊണ്ട് എന്തു കാര്യം?









0 comments