ആയുർവേദ ഉച്ചകോടി
സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

കൊച്ചി
ആയുർവേദ ചികിത്സാരംഗത്ത് കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായമന്ത്രി പി രാജീവ്.
ആയുർവേദത്തെ ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ ആരോഗ്യ ടൂറിസം (ഹോളിസ്റ്റിക് വെൽനസ്) കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഹെൽത്ത് ടൂറിസം ആൻഡ് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ 2025ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപ്റാവു ജാദവ് പരിപാടിയിൽ ഓൺലൈനായി പങ്കെടുത്തു. ആയുർവേദ ചികിത്സാരംഗത്ത് കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
സിഐഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ചെയർമാൻ ഡോ. സജികുമാർ, സിഐഐ കേരള ചെയർമാൻ വി കെ സി റസാഖ്, ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കോട്ടേച്ച, കോട്ടക്കൽ ആര്യവൈദ്യശാല ട്രസ്റ്റി പി എം വാരിയർ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എംഡി ഡോ. പി വി ലൂയിസ്, സിഐഐ ദക്ഷിണമേഖല ചെയർമാൻ തോമസ് ജോൺ മുത്തൂറ്റ്, സിഐഐ കേരള ആരോഗ്യസമിതി സഹ-കൺവീനർ നളന്ദ ജയദേവ് എന്നിവർ സംസാരിച്ചു. സിഐഐ കേരള ചാപ്റ്റർ, ആയുഷ് മന്ത്രാലയം, സംസ്ഥാന സർക്കാർ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഉച്ചകോടിയിൽ 16 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.









0 comments