print edition പി ജയരാജൻ വധശ്രമം ; പ്രതികളെ വെറുതെവിട്ടതിലുള്ള അപ്പീൽ വിശദമായി കേൾക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച ആർഎസ്‌എസുകാരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ ജയരാജനും സംസ്ഥാന സർക്കാരും നൽകിയ അപ്പീൽ വിശദമായി കേൾക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ കെ വി വിശ്വനാഥൻ, പ്രസന്ന ബി വരാലെ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
ഒന്നാം പ്രതി കാടിച്ചേരി അജി, മൂന്നാം പ്രതിയും ആർഎസ്‌എസ് താലൂക്ക് കാര്യവാഹകുമായ കോയോൻ മനോജ് (മനു), നാലാം പ്രതിയും ആർഎസ്‌എസ് ജില്ലാ കാര്യവാഹകുമായ കുഞ്ഞിപ്പറമ്പത്ത് വി ശശിധരൻ (പാറ ശശി), എളന്തോട്ടത്തിൽ മനോജ്, പുതിയേടത്തുവീട്ടിൽ ജയപ്രകാശൻ എന്നിവരെ വെറുതെവിടുകയും രണ്ടാംപ്രതി ചിരുകണ്ടോത്ത് പ്രശാന്തിന്റെ ശിക്ഷ ഒരുവർഷം തടവായി കുറച്ചുമായിരുന്നു ഹൈക്കോടതി ഉത്തരവ്. പ്രതികൾക്കെതിരെ വ്യക്തമായ തെളിവുണ്ടായിരിക്കെ, വിചാരണക്കോടതി വിധിച്ച 10 വർഷം കഠിനതടവ് ഹൈക്കോടതി റദ്ദാക്കിയത് തെറ്റാണെന്നും ആർഎസ്‌എസുകാർക്ക് കൃത്യത്തിലുള്ള പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും സർക്കാർ അപ്പീലിൽ പറഞ്ഞിരുന്നു. നേരത്തേ പ്രതികൾക്ക് നോട്ടീസ് അയച്ചിരുന്നു.
സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ എസ് നാഗമുത്തുവും സ്‌റ്റാൻഡിങ് കോൺസൽ സി കെ ശശിയും ഹാജരായി. ആറാം പ്രതി കുനിയിൽ ഷിനൂബ്, എട്ട്, ഒമ്പത് പ്രതികളായ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനൻ എന്നിവരെ ശിക്ഷിക്കണമെന്നും സർക്കാരും പി ജയരാജനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ശിക്ഷാകലാവധി പൂർത്തിയായിട്ടും പിഴത്തുകയായ ആറു ലക്ഷം രൂപ നൽകാത്തതിനാൽ ജയിലിൽ തുടർന്ന രണ്ടാം പ്രതി ചിരുകണ്ടോത്ത് പ്രശാന്തിന് ജാമ്യം അനുവദിച്ചു.









0 comments