നിയമസഭയിലെ പ്രതിപക്ഷ കയ്യേറ്റം; മൂന്ന് എംഎൽഎമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: നിയമസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനും ചീഫ് മാർഷലിനെ ആക്രമിച്ചതിനും മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ, എം വിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് സ്പീക്കര്‍ സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ നിയമസഭയിൽ പ്രതിപക്ഷം അഴിച്ചുവിട്ട ആക്രമണത്തിൽ ചീഫ് മാർഷൽ ഓഫീസർ ഷിബുവിന് പരിക്കേറ്റിരുന്നു. സ്പീക്കറിന്റെ ചെയറിന് സംരക്ഷണം ഒരുക്കുന്നതിനിടെയിലാണ് ചീഫ് മാർഷലിന് പരിക്കേറ്റത്.
പ്രതിപക്ഷത്തിന്റെ അതിക്രമത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം ബി രാജേഷ് വിഷയം പ്രമേയമായി സഭയിൽ അവതരിപ്പിച്ചു. തുടർന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ എംഎൽഎമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പരിക്കേറ്റ ചീഫ് മാർഷൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൈക്ക് ഗുരുതരമായി പരിക്കേറ്റതായും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
നോട്ടീസ് നൽകി വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്ന പ്രതിപക്ഷം തുടർച്ചയായ ദിവസങ്ങളിൽ സഭയിൽ നടത്തിയത് അഴിഞ്ഞാട്ടമാണ്. മുഖ്യമന്ത്രിക്കുനേരെ പാഞ്ഞടുത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതിപക്ഷാംഗങ്ങൾ വനിതാ വാച്ച് ആൻഡ് വാർഡ് അംഗങ്ങളെ കൈയേറ്റം ചെയ്തിരുന്നു, ഡയസിന് മുമ്പിലെത്തി സ്‌പീക്കറുടെ മുഖം ബാനർ കൊണ്ട് മറച്ച് നടത്തിയ സമരാഭാസം വിലപ്പോയില്ലെന്ന് കണ്ടതോടെയാണ് കൈയ്യേറ്റത്തിലേക്ക് പ്രതിപക്ഷം കടന്നത്. ബുധനും വ്യാഴ്ചവും രാവിലെ ചോദ്യോത്തരം തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം ബാനറും പ്ലക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി.
ബഹളത്തിനിടയിലും ചോദ്യോത്തരം പുരോഗമിച്ചു. ഇൗ സമയം മുഴുവൻ പ്രതിപക്ഷ അംഗങ്ങൾ കൂകിവിളിച്ചു. സഭയെ അവഹേളിക്കുന്നത് നിയമസഭയിലെത്തിയ വിദ്യാർഥികള്‍ കാണുമെന്നും ബാനറുമായി പിന്മാറണമെന്നും സ്‌പീക്കർ പലവട്ടം ആവശ്യപ്പെട്ടിട്ട് പോലും ഉൾക്കൊള്ളാൻ പ്രതിപക്ഷത്തിനായില്ല. സ്‌പീക്കറുടെ ചേംബറിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതിനിടയിലാണ് വനിതാ വാച്ച് ആൻഡ് വാർഡ് അംഗങ്ങളെ കൈയേറ്റം ചെയ്‌തത്.









0 comments