മോട്ടോർ വാഹന വകുപ്പിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 112 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക്‌ ശുപാർശ

Bribery raid
വെബ് ഡെസ്ക്

Published on Aug 25, 2025, 03:13 PM | 3 min read

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനകളിൽ വീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും. ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ നടത്തിയ തുടർ പരിശോധനകളിൽ കൈക്കുലി വാങ്ങിയവരുൾപ്പെടെയുള്ള 112 ഉദ്യോഗസ്ഥർക്കെതിരെയാണ്‌ നടപടിക്ക്‌ ശുപാർശ ചെയ്യുക.

112ൽ 72 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും, ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ തുടരന്വേഷണങ്ങൾക്കുമാണ് ശുപാർശ ചെയ്യുന്നത്.
ഗുരുതരമായ അഴിമതിയും ക്രമക്കേടുകളും നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് തുടർ അന്വേഷണങ്ങൾ നടത്തി ശക്തമായി നിയമനടപടികൾ സ്വീകരിക്കുമെന്നും മറ്റ് ക്രമക്കേടുകൾ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ മോട്ടോർ വാഹന വകുപ്പ് മുഖേന സ്വീകരിപ്പിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് പറഞ്ഞു.
പരിശോധന 81 ഓഫീസുകളിൽ
സംസ്ഥാനത്തെ 17 റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും (ആർടി) 64 സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും (എസ്ആർടി) വിജിലൻസ് മിന്നൽ പരിശോധന നടത്തിയിരുന്നു. ജൂലൈ 19നായിരുന്നു പരിശോധന. ആർടി, എസ്ആർടി ഓഫീസുകളിലെ ഉദ്യോഗസ്ഥർ പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഇത്‌.


പരിശോധനയിൽ വിവിധ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനായി എത്തിയ 11 ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂർ എസ്‌ആർടി ഓഫീസ് പരിസരത്ത് നിന്ന്, വിജിലൻസ് ഉദ്യോഗസ്ഥർ എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയിൽ 49,300 രൂപയും വൈക്കം എസ്‌ആർടിയിൽ ജനലിൽ പണം ഒളിപ്പിച്ച് വച്ച നിലയിലും കണ്ടെടുത്തു. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പ്രാഥമികമായി പരിശോധിച്ചതിൽ 21 പേർ ഏജന്റുമാരിൽ നിന്ന് 7,84,598 രൂപ നിയമവിരുദ്ധമായി കൈപ്പറ്റിയിരുന്നതായും കണ്ടെത്തി.
ഉദ്യോഗസ്ഥരുടെ സ്റ്റേറ്റ്‌മെന്റുകൾ ശേഖരിച്ചപ്പോൾ ഏജന്റുമാരിൽ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലിയായി പണം സ്വീകരിച്ചിരുന്നുവെന്നും തെളിഞ്ഞു. മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും ഏജന്റുമാർക്കും അനധികൃതമായി സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നുവെന്നും ഇതിന് പ്രതിഫലമായാണ് കൈക്കൂലി നൽകി വന്നിരുന്നതെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥരും ഏജന്റുമാരും തമ്മിലുള്ള വാട്‌സ്‌ ആപ്പ്‌/ടെലഗ്രാം സന്ദേശങ്ങളും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ്‌ സംബന്ധിച്ച വിവരങ്ങളാണ്‌ ഇവർ സന്ദേശങ്ങളിലൂടെ കൈമാറിയത്‌. കൈക്ക‍ൂലി അയച്ച സന്ദേശങ്ങളും വാട്‌സ്‌ ആപ്പ്‌ വഴി കൈമാറിയിട്ടുണ്ട്‌. എറണാകുളം ജില്ലയിലെ ഒരു എസ്ആർടിഒയിലെ ഉദ്യോഗസ്ഥർ മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്ക് ഓഫീസിലെ വിരമിക്കൽ ചടങ്ങിൽ നൽകുന്നതിനായി 4 സ്വർണ്ണ മോതിരം വാങ്ങുന്നതിനും, റോഡ് സുരക്ഷാ വാരാചരണത്തോട്അ നുബന്ധിച്ചുള്ളപരിപാടികൾക്കായി പോസ്റ്റർ അടിക്കുന്നതിനും ആവശ്യപ്പെട്ട് വാട്ട്ആപ്പ് മുഖേന മെസേജ് അയച്ചിരിക്കുന്നതായും തെളിഞ്ഞു.

ഭൂരിഭാഗം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂളുകളിൽ കൃത്യമായി പരിശോധനകൾ നടത്തി ക്രമക്കേടുകളിൽ നടപടി സ്വീകരിക്കാറില്ലായെന്നും, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ലൈസൻസില്ലാതെ വരെ ഡ്രൈവിംഗ് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിജിലൻസ് കണ്ടെത്തി. പല ജില്ലകളിലും ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി ഉപയോഗിക്കുന്ന പല വാഹനങ്ങൾക്കും ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവ ഇല്ലായെന്നും, ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ നിന്നും കൈക്കൂലി സ്വീകരിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഈ വാഹനങ്ങൾ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാറില്ലായെന്നും പരിശോധനയിൽ തെളിഞ്ഞു.
ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്നയിടത്തെ ഭൂരിഭാഗം ക്യാമറകളും പ്രവർത്തന രഹിതമായി കാണപ്പെട്ടിട്ടുള്ളതാണ്. ക്യാമറകൾ പ്രവർത്തനക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് വിജിലൻസ് ശുപാർശ നൽകും.

മലപ്പുറത്തെ എസ്ആർടി ഓഫീസിൽ ഏജന്റുമാർ മുഖേനെയല്ലാതെ അപേക്ഷകർ നേരിട്ട് സമർപ്പിച്ച 384 അപേക്ഷകൾ ഉദ്യോഗസ്ഥർ റിജക്ട് ചെയ്തു. മിക്ക ആർടി‍,എസ്ആർടി ഓഫീസുകളിലും നേരിട്ട് നൽകുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വൈകിപ്പിക്കുന്നുമുണ്ട്‌. ഏജന്റുമാർ മുഖേന വരുന്ന അപേക്ഷകളിൽ സീനിയോറിട്ടി മറികടന്ന് വളരെ വേഗത്തിൽ അനൂകൂല നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.


ചില ഓഫീസുകളിൽ ഉദ്യോഗസ്ഥർ തങ്ങളുടെ കൈവശം ഉള്ള പണം ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററുകളിൽ രേഖപ്പെടുത്താറില്ല. അറ്റൻഡൻസ് രജിസ്റ്ററുകളുടേയും മൂവ്മെൻ്റ് രജിസ്റ്ററുകളുടേയും കാര്യത്തിലും സമാനമായ സ്ഥിതി വിശേഷമാണ്‌. മിന്നൽ പരിശോധന ദിവസം ഹാജർ ബുക്കിൽ ഒപ്പ് രേഖപ്പെടുത്തിയ ശേഷം മതിയായ അനുമതി നേടാതെ ഓഫീസിൽ കാണപ്പെടാതിരുന്ന ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് നടപടിക്ക് ശുപാർശ ചെയ്യും.


ഇടനിലക്കാർക്ക് മോട്ടോർ വാഹന ഓഫീസുകളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മിക്ക മോട്ടോർ വാഹന ഓഫീസുകളിലും ഏജന്റുമാർക്കും ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കും സർവ്വസ്വാതന്ത്ര്യത്തിനും സ്വൈര്യ വിഹാരത്തിനും ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നുണ്ട്‌. വയനാട് എസ്ആർടി ഓഫീസിൽ അപേക്ഷയോടൊപ്പം ഏജന്റിന്റെ ശുപാർശ കത്തും പരിശോധനയിൽ കണ്ടെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home