Deshabhimani

യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊന്നു; കേസിൽ വിചാരണ ഇന്ന്‌ തുടങ്ങും

Ooruttambalam double murder case
വെബ് ഡെസ്ക്

Published on Nov 05, 2026, 07:36 AM | 1 min read

തിരുവനന്തപുരം: യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ വ്യാഴാഴ്‌ച തുടങ്ങും. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജി അനിറ്റ് ജോസഫാണ് കേസ് പരിഗണിക്കുന്നത്. പൂവാർ മണ്ണാംവിളാകം മാഹിൻ മൻസിലിൽ മനു എന്ന മാഹിൻകണ്ണ് (45), ഭാര്യ റുഖിയ (38) എന്നിവരാണ് കേസിലെ പ്രതികൾ. മാറനല്ലൂർ വില്ലേജിലെ വെള്ളൂർകോണം അംബിക വിലാസത്തിൽ താമസിച്ചിരുന്ന ദിവ്യ (23), മകൾ രണ്ടര വയസ്സുള്ള ഗൗരി എന്നിവരാണ് കൊല്ലപ്പെട്ടത്.


2011 ആഗസ്ത്‌ 18-നാണ് കേസിനാസ്പദമായ സംഭവം. മാഹിൻകണ്ണുമായി പ്രണയത്തിലായ ദിവ്യ ഊരൂട്ടമ്പലത്തെ വാടകവീട്ടിൽ ഇയാളോടൊപ്പം താമസിച്ചുവരികയായിരുന്നു. ദിവ്യ ഗർഭിണിയായതോടെ മാഹിൻകണ്ണ് വിദേശത്തേക്ക് കടന്നു. പ്രസവശേഷം നാട്ടിലെത്തിയ ഇയാളെ ദിവ്യയുടെ ബന്ധുക്കൾ കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവർ ഒരുമിച്ച് താമസിക്കുന്നതിനിടെയാണ് മാഹിൻകണ്ണ് നേരത്തേ വിവാഹിതനാണെന്ന വിവരം ദിവ്യ അറിയുന്നത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കായി. ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാൻ ഭാര്യ റുഖിയ മാഹിൻകണ്ണിനോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌, ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നു. സംഭവദിവസം കുഞ്ഞുമൊത്ത് മാഹിൻകണ്ണിനൊപ്പം പോകുകയാണെന്ന് ദിവ്യ അമ്മ രാധയെയും സഹോദരി ശരണ്യയെയും അറിയിച്ചിരുന്നു.


ഊരൂട്ടമ്പലത്തുനിന്ന് ഓട്ടോയിൽ വിളവൻകോട് ആളില്ലാതുറയ്ക്കുസമീപമുള്ള വിജനമായ ഇടപ്പാട് കടൽത്തീരത്ത് എത്തിച്ചാണ് ദിവ്യയെയും കുഞ്ഞിനെയും മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്. തേങ്ങാപ്പട്ടണം, കുളച്ചൽ എന്നിവിടങ്ങളിലെ തീരദേശത്തുനിന്ന്‌ തമിഴ്നാട് പൊലീസാണ്‌ ദിവ്യയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്‌. ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ 109 സാക്ഷികളെ വിസ്തരിക്കും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ ഹാജരാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home