Deshabhimani

ടാർഗറ്റ് സമ്മർദവും ശമ്പളം വെട്ടിക്കുറയ്ക്കലും; ആക്സിസ് ബാങ്ക് ജീവനക്കാർക്കിടയിൽ പ്രതിഷേധം

Axis.jpg

ഹാജർ ബ്ലോക്ക് ചെയ്തതായി ആക്സിസ് ബാങ്ക് ജീവനക്കാരന് ലഭിച്ച സന്ദേശം (ഇടത്)

വെബ് ഡെസ്ക്

Published on Nov 05, 2026, 07:41 AM | 1 min read

കൊച്ചി: സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക്, ജീവനക്കാർക്കു മേൽ അമിത ടാർഗറ്റ് സമ്മർദങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ടാർഗറ്റ് കൈവരിക്കാത്തതിന്റെ പേരിൽ ജീവനക്കാരുടെ മൂന്ന് ദിവസത്തെ ശമ്പളംവരെ വെട്ടിക്കുറയ്ക്കുകയാണ്. ഒരുലക്ഷത്തോളം ജീവനക്കാരും 25,000 കോടി രൂപ വാർഷിക ലാഭവുമുള്ള ബാങ്കിന്റെ ദ്രോഹനടപടികളിൽ ബ്രാഞ്ച് മാനേജർമാരടക്കം അസംതൃപ്‌തരാണ്.


നാല് ആഴ്‌ച അടിസ്ഥാനത്തിലാണ് ടാർഗറ്റുകൾ, ബാങ്കിന്റെ 'സിദ്ധി' ആപ് വഴി ഗുണഭോക്താക്കളെ വിളിച്ച് വിവിധ ഉൽപ്പന്നങ്ങൾ വിൽക്കണം. ദിവസവും അഞ്ച് ഗുണഭോക്താക്കളെ വിളിക്കുകയോ രണ്ട് ഉൽപ്പന്നങ്ങൾ വിൽക്കുകയോ വേണം. കോളുകൾ പല ഗുണഭോക്താക്കളുടെയും ഫോണുകളിൽ 'സ്‌പാം' ആയാണ് പ്രത്യക്ഷപ്പെടുക. ഇതു മൂലം പലരും കോൾ എടുക്കില്ല. അനാവശ്യവും സംശയാസ്പദവുമായ കോളുകൾ ഒഴിവാക്കണമെന്നാണ് ഗുണഭോക്താക്കൾക്കുള്ള ബാങ്കിന്റെയും നിർദേശം. ബാങ്ക് ടാറ്റ ചോർച്ചയുടെ ഭീഷണിയുമുണ്ട്.


ടാർഗറ്റ് കൈവരിച്ചില്ലെങ്കിൽ ആദ്യരണ്ട് ആഴ്‌ച മുന്നറിയിപ്പ് നൽകും. മൂന്നാമത്തെ ആഴ്‌ച ഒരു ദിവസത്തെ ശമ്പളവും നാലാമത്തെ ആഴ്ച രണ്ടുദിവസത്തെ ശമ്പളവും വെട്ടിക്കുറയ്ക്കും. 20,000 മുതൽ 60,000 രൂപവരെ മാസശമ്പളം ലഭിക്കുന്ന ജീവനക്കാരെ ഇത് സാമ്പത്തിക പ്രതി സന്ധിയിലാക്കുന്നു. ബ്രാഞ്ച് മാനേജർമാരും സമ്മർദത്തിലാണ്. ബ്രാഞ്ചിലെ 60 ശതമാനം ജീവനക്കാരെങ്കിലും നിശ്ചിത ടാർഗറ്റ് നേടണമെന്നതാണ് ഒരു നിബന്ധന. സേവിങ്സ് അക്കൗണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ടും സമയപരിധികളും മുന്നറിയിപ്പുകളും ശമ്പളം വെട്ടിക്കുറയ്ക്കൽ വ്യവസ്ഥകളും ബാധകമാക്കിയിട്ടുണ്ട്.


വലിയ ടാർഗറ്റുകൾ നൽകി ജീവനക്കാരെ ഒഴിവാക്കി പകരം പുതിയ കരാർ ജീവനക്കാരെ കൊണ്ടുവരാനുമാണ് പല സ്വകാര്യ ബാങ്കുകളും ശ്രമിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം വെട്ടിക്കു റയ്ക്കുന്നത് നീതീകരിക്കാനാകില്ല. ബാങ്ക് മാനേജ്‌മെന്റ് നടപടി തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home