ചിറ്റാറിൽ വനത്തിൽ പോയ വയോധികയെ ഇതുവരെ കണ്ടെത്താനായില്ല; പ്രതിഷേധത്തിൽ നാട്ടുകാർ

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറയിൽ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ വയോധികയെ കാണാതായ സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. തിരച്ചിൽ കാര്യക്ഷമാക്കുമെന്ന് പറഞ്ഞ പൊലീസ്, മൃതദേഹങ്ങളോ ശരീരാവശിഷിടങ്ങളോ മണത്ത് കണ്ടുപിടിക്കുന്ന കാഡവർ നായകളെ കൊണ്ടുവന്ന് തെരയുമെന്ന് പറഞ്ഞെങ്കിലും നായയെ ഇതുവരെ എത്തിക്കാനായിട്ടില്ല. വയോധികയെ കണ്ടെത്താനാകാത്തതിൽ നാട്ടുകാരും വലിയ പ്രതിഷേധത്തിലാണ്. അന്വേഷണം പ്രഹസനമായി മാറുകയാണെന്നും അവർ ആരോപിച്ചു
ബുധൻ രാവിലെ 10നാണ് വിറക് ശേഖരിക്കാനായി കട്ടച്ചിറ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മ (84) വനത്തിലേക്ക് പോയത്. മിക്ക ദിവസങ്ങളിലും വിറക് ശേഖരിക്കാൻ കുട്ടിയമ്മ കട്ടച്ചിറ വനമേഖലയിൽ പോകാറുണ്ട്. രാവിലെ പോയാൽ ഒരു മണിയോടെ തിരിച്ചെത്താറുണ്ട്. എന്നാൽ ബുധനാഴ്ച മടങ്ങിയെത്തിയില്ല. വനത്തിനുള്ളിലേക്ക് ഇവർ കയറിപ്പോയ സ്ഥലത്തിനടുത്തുള്ള ആളൊഴിഞ്ഞ വീടിന്റെ സമീപത്തായി കുട്ടിയമ്മയുടെ തോർത്തും കവറും ഒരു കുപ്പി വെള്ളവും കണ്ടെത്തിയിരുന്നു. കുറച്ചു വിറകും സമീപത്തായി കണ്ടെത്തിയിട്ടുണ്ട്. ഇത് കുട്ടിയമ്മ ശേഖരിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
നാലുവശവും വനത്താൽ ചുറ്റപ്പെട്ട ചിറ്റാർ പഞ്ചായത്തിലെ പ്രദേശമാണ് കട്ടചിറ. ചിറ്റാർ, രാജപാറ, തണ്ണിത്തോട്സ്റ്റേഷനുകളിലെ വനപാലകരും വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീമും ചിറ്റാർ പൊലീസും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. പ്രദേശവാസികളും ഒപ്പമുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഡോഗ് സ്‌ക്വാഡും തെരച്ചിൽ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. കട്ടച്ചിറയിൽ മകൻ മുരളിയോടൊപ്പമാണ് കുട്ടിയമ്മ താമസിച്ചിരുന്നത്.









0 comments