ad
Deshabhimani

ആ വേദിയിൽ ആരും തിരുത്തിപ്പറഞ്ഞില്ല; ഖേദപ്രകടനംകൊണ്ട് വിഷയം അവസാനിക്കില്ല: യു പ്രതിഭ

U Prathibha Emotional Press Meet

വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭ കരഞ്ഞപ്പോൾ | ഫോട്ടോ: കെ എസ് ആനന്ദ്

വെബ് ഡെസ്ക്

Published on Mar 25, 2026, 06:07 PM | 1 min read

കായംകുളം: യുഡിഎഫ് നേതാവ് തനിക്കെതിരെ നടത്തിയ കടുത്ത സ്ത്രീവിരുദ്ധ പരാമർശം കേട്ടപ്പോൾ ഞെട്ടിപ്പോയെന്നും ഇപ്പോഴും വേദനയുണ്ടെന്നും കായംകുളം മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി യു പ്രതിഭ. മുസ്ലിം ലീ​ഗ് നേതാവ് പരാമർശം നടത്തുമ്പോൾ വേദിയിലുണ്ടായിരുന്ന വനിതാ നേതാക്കളും അടക്കമുള്ളവർ തിരുത്താൻ ഇടപെടാതിരുന്നത്‌ ഏറെ വേദനിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാതെ വ്യക്‌തിപരമായി തേജോവധം ചെയ്യുകയാണെന്നും പ്രതിഭ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഖേദം അംഗീകരിക്കാന്‍ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമീഷനിലും പരാതി നല്‍കും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തില്‍ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത്‌ തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും പ്രതിഭ പറഞ്ഞു. വാർത്താ സമ്മേളനത്തിനിടെ അവർ പലപ്പോഴും വിതുമ്പി.


എൽഡിഎഫ്‌ നേതാക്കളായ, കെ എച്ച്‌ ബാബുജാൻ, എ ഷാജഹാൻ, ബി അബിൻഷാ, പി ഗാനകുമാർ, ജോസഫ്‌ ജോൺ, സജു എടക്കാട്‌, ലിയാക്കത്ത്‌ പറമ്പി, സക്ക‍ീർ മല്ലഞ്ചേരി, സലിം മുരുക്കുംമൂട്‌, താജുദ്ദീൻ വളൂത്തറ, സുബിൻ തോപ്പിൽ, ഷെറീഫ്‌ പത്തിയൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


യുഡിഎഫ്‌ മണ്ഡലം കൺവീനറും ലീഗ്‌ നേതാവുമായ എ ഇർഷാദാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽവെച്ച് കടുത്ത സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. നാക്ക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വിൽപ്പനയ്‌ക്കായിവച്ചുകൊണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നായിരുന്നു പ്രതിഭയ്ക്കെതിരായ പരാമർശം. കെ സി വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ്‌ ബി ബാബുപ്രസാദ്‌, സ്ഥാനാർഥി എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിലായിരുന്നു ഇർഷാദിന്റെ പ്രസംഗം. എന്നാൽ ആരും തന്നെ ഇർഷാദിനെ തിരുത്താൻ തയ്യാറായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home