print edition ഒടുവിൽ ഡോ. റാം അറസ്റ്റിൽ


സ്വന്തം ലേഖകൻ
Published on Jul 24, 2026, 12:00 AM | 1 min read
കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതിയായ അധ്യാപകൻ ഡോ. എം കെ റാം (എം കോദണ്ഡ റാം) അറസ്റ്റിൽ. വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ കുടുംബത്തോടൊപ്പമെത്തി കീഴടങ്ങിയത്.
പുതിയ അന്വേഷകസംഘത്തിന് കോടതി അറസ്റ്റിന് അനുമതി നൽകിയതിനാൽ വ്യാഴാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് എസ്‌പി മോഹനചന്ദ്രന്റ നേതൃത്വത്തിൽ അഞ്ചു മണിക്കൂർ ചോദ്യംചെയ്തശേഷമാണ് അറസ്റ്റ്.
ഏപ്രിൽ 10നാണ് തിരുവനന്തപുരം സ്വദേശിയായ നിധിൻ രാജിനെ കോളേജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടി മരിച്ചനിലയിൽ കണ്ടത്. ഓറൽ പാത്തോളജിവിഭാഗം മേധാവി ഡോ. റാമിന്റെയും അധ്യാപിക ഡോ. സംഗീത നന്പ്യാരുടെയും മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. ജാതിവിവേചനമടക്കമുള്ള ആരോപണവും ഉയർന്നു. ആദ്യം ചക്കരക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി.
രണ്ടാം പ്രതി ഡോ. സംഗീതയ്‌ക്ക് കോടതി മുൻകൂർജാമ്യം അനുവദിച്ചു. മുഖ്യപ്രതി ഡോ. റാമിന്റെ മുൻകൂർജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. റാമിനെ തിങ്കളാഴ്‌ച അറസ്റ്റുചെയ്‌തെങ്കിലും സുപ്രീംകോടതിയുടെ മാർഗനിർദേശം ലംഘിച്ച് പൊലീസ് ഒത്തുകളിച്ചതിനാൽ കോടതി വിട്ടയക്കുകയായിരുന്നു. റാമിനെ വീണ്ടും അറസ്‌റ്റുചെയ്യാൻ തലശേരി എസ്‌സി–എസ്‌ടി പ്രത്യേക കോടതിയിൽ പുതിയ അന്വേഷകസംഘം നൽകിയ ഹർജിയാണ് വ്യാഴാഴ്‌ച പരിഗണിച്ചത്.










0 comments