print edition നിധിൻ രാജിന്റെ ആത്മഹത്യാ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് വീണ്ടും കോടതിയുടെ രൂക്ഷവിമർശം


സ്വന്തം ലേഖകൻ
Published on Jul 24, 2026, 12:00 AM | 1 min read
തലശേരി: നിധിൻ രാജ് ജീവനൊടുക്കിയ കേസിൽ മുഖ്യപ്രതി ഡോ. എം കെ റാമിനെ അറസ്‌റ്റുചെയ്‌ത അന്വേഷണ ഉദ്യോഗസ്ഥന് എസ്‌സി– എസ്‌ടി പ്രത്യേക കോടതിയുടെ അതിരൂക്ഷ വിമർശം. അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുധീർ കല്ലനെ കോടതിയിൽ വിളിച്ചുവരുത്തിയാണ് ജഡ്‌ജി എം മനോജ് നിശിതമായി വിമർശിച്ചത്. പ്രതിയെ അറസ്‌റ്റുചെയ്യാൻ അനുമതിതേടി പൊലീസ് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണിത്.
‘‘അറസ്‌റ്റിന്റെ കാരണം പ്രതിയെ അറിയിക്കണമെന്ന സുപ്രീംകോടതി മാർഗനിർദേശം എന്തുകൊണ്ട് പാലിച്ചില്ലെന്ന് കോടതി ചോദിച്ചു. വാക്കാൽ പറഞ്ഞാൽ പോരാ, രേഖാമൂലം നൽകണം. കോടതിയിൽ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂർമുന്പെങ്കിലും പ്രതിയെ കുറ്റകൃത്യത്തെക്കുറിച്ച് രേഖാമൂലം അറിയിക്കണം. എന്തിനാണ് അറസ്‌റ്റെന്ന് അറിയാനുള്ള അവകാശം പൗരനുണ്ട്. നിയമപരമായ അവകാശം ഉറപ്പാക്കുന്നതിൽ വീഴ്‌ചയുണ്ടായിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശചെയ്യേണ്ടിവരും.
ആത്മഹത്യ പ്രതിയുടെ പ്രേരണയിലാണെന്ന് ധരിപ്പിക്കണമായിരുന്നു. വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാകുന്നതിനാല്‍ ഹൈക്കോടതി എന്ത് നടപടിയെടുക്കുമെന്ന് അറിഞ്ഞശേഷം ഡിവൈഎസ്‌പിയുടെ വിശദീകരണത്തിൽ തീർപ്പുകൽപ്പിക്കാം’’– കോടതി പറഞ്ഞു. അറസ്‌റ്റിന്റെ കാരണംവാക്കാൽ ബോധ്യപ്പെടുത്തിയെന്ന് ഡിവൈഎസ്‌പി വ്യക്തമാക്കി. രേഖാമൂലം കാരണംകാണിക്കുന്നതിൽ പിഴവുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും ഡിവൈഎസ്‌പി പറഞ്ഞു. പ്രതിയെ വെറുതെവിട്ട ഉത്തരവിൽ, അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസയക്കാനും മൂന്ന് ദിവസത്തിനകം വിശദീകരണംനൽകാനും കോടതി ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഡിവൈഎസ്‌പി നേരിട്ട് മറുപടി നൽകിയത്.
റാമിനെ അറസ്റ്റ്‌ചെയ്‌തതിൽ അന്വേഷകസംഘത്തിന് വീഴ്‌ചയുണ്ടായതായി പ്രോസിക്യൂഷനും സമ്മതിച്ചു. അന്വേഷകസംഘവും പ്രതിഭാഗവുംചേർന്നുള്ള ഒത്തുകളിയാണ് പ്രതിക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയതെന്ന ആരോപണം നേരത്തേ കോടതിതന്നെ ഉയർത്തിയിരുന്നു. വെള്ളിയാഴ്‌ച എസ്‌പി കെ വി വേണുഗോപാലും ഡിവൈഎസ്‌പിയും ഹൈക്കോടതിയിൽ ഹാജരായി വിശദീകരണം നൽകണം.










0 comments