ad
Deshabhimani

ദേശീയപാതയിലെ മണ്ണിടിച്ചിൽ ; പൂർണ ഉത്തരവാദിത്വം 
ദേശീയപാത അതോറിറ്റിക്ക്‌ : മുഖ്യമന്ത്രി

pinarayi vijayan
വെബ് ഡെസ്ക്

Published on May 23, 2025, 01:52 AM | 1 min read


കൊല്ലം

ദേശീയപാത 66ൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും വിള്ളലും ഉണ്ടായതിന്‌ സംസ്ഥാന സർക്കാരിനെ പഴിചാരാൻ ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിർമാണത്തിന്റെ പൂർണ ഉത്തരവാദിത്വം നാഷണൽ ഹൈവേ അതോറിറ്റി ഓഫ്‌ ഇന്ത്യക്ക്‌ (എൻഎച്ച്‌എഐ) ആണ്‌. നിർമാണത്തിൽ ഒരു തരത്തിലുമുള്ള പങ്കാളിത്തവും സംസ്ഥാന സർക്കാരിനോ സംസ്ഥാന പൊതുമരാമത്ത്‌ വകുപ്പിനോ ഇല്ല.


എൽഡിഎഫ്‌ സർക്കാരിന്റെ നാലാം വാർഷികത്തോട്‌ അനുബന്ധിച്ച്‌ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി കൊല്ലത്ത്‌ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാത നിർമാണത്തിന്റെ എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്‌ എൻഎച്ച്‌എഐ ആണെന്നിരിക്കെയാണ്‌ ചിലർ എൽഡിഎഫ്‌ സർക്കാരിന്റെ എന്തോ കുഴപ്പമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്‌. ഇത്‌ വിലപ്പോകില്ല. അവരുടെ വികാരം ഞങ്ങൾ ഉപേക്ഷിച്ചുപോയ പണി നിങ്ങൾ എന്തിന്‌ ഏറ്റെടുത്തു എന്നതാണ്‌. ദേശീയപാതയ്‌ക്ക്‌ നിങ്ങൾ എന്തിന്‌ സ്ഥലം ഏറ്റെടുത്തുനൽകിയെന്ന ദുഷ്‌ടലാക്കാണ്‌ അവർക്ക്‌. എന്നാൽ, ഭൂമി ഏറ്റെടുത്തുകൊടുക്കേണ്ടത്‌ എൽഡിഎഫ്‌ സർക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. നാടിന്റെ വികസനത്തിന്‌ ഭൂമി ഏറ്റെടുത്തുനൽകിയതിൽ സർക്കാരിന്‌ അഭിമാനമുണ്ട്‌.


കാര്യങ്ങൾ മനസ്സിലാക്കാതെ എൽഡിഎഫിനെ കുറ്റം പറയാൻ യുഡിഎഫ്‌ നേതാക്കൾ തക്കംപാർത്തിരിക്കുകയാണ്‌. എന്തും പറയാൻ അവർക്ക്‌ നല്ല ശേഷിയാണ്‌. ദേശീയപാത നിർമാണം നല്ലനിലയിൽ നടക്കണമെന്നാണ്‌ സർക്കാർ നിലപാട്‌. ഇപ്പോൾ സംഭവിച്ചിട്ടുള്ളത്‌ സംബന്ധിച്ച്‌ പരിശോധന വേണം. വീഴ്‌ചയെ വീഴ്‌ചയായി കണ്ട്‌ നടപടിയും വേണം. എൽഡിഎഫ്‌ സർക്കാർ 2016ൽ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ ദേശീയപാത 66ന്റെ വികസനം ഉണ്ടാകുമായിരുന്നില്ല. യുഡിഎഫ്‌ കാലത്ത്‌ സംസ്ഥാനം ഭൂമി ഏറ്റെടുത്തുനൽകാത്തതിനാൽ എൻഎച്ച്‌എഐ ഓഫീസ്‌ പൂട്ടി പോയതാണ്‌. തുടർന്ന്‌ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാർ ദേശീയപാത അതോറിറ്റിയെ തിരികെവിളിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ട ചെലവിന്റെ 25 ശതമാനം സംസ്ഥാനം നൽകണമെന്ന വ്യവസ്ഥ അംഗീകരിക്കേണ്ടിവന്നു. യുഡിഎഫ്‌ വരുത്തിയ വീഴ്‌ചയ്‌ക്ക്‌ കേരളം നൽകേണ്ടിവന്ന പിഴയാണ്‌ ഇത്‌. ഭൂമി ഏറ്റെടുക്കാൻ 5600 കോടി രൂപയാണ്‌ എൽഡിഎഫ്‌ സർക്കാർ നൽകിയത്‌. അങ്ങനെ യുഡിഎഫ്‌ ഉപേക്ഷിച്ച ദേശീയപാത 66 എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി–- മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home