സതീശൻ മന്ത്രിസഭ: രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം; വകുപ്പുകളിലും തർക്കം

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായതോടെ മുന്നണിക്കുള്ളിൽ അവകാശവാദങ്ങളുമായി ഘടകകക്ഷികൾ. വിഡി സതീശൻ മന്ത്രിസഭയിൽ തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന കർശന നിലപാടിലാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം.
ഈ ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പാർട്ടി തയ്യാറല്ലെന്ന് വർക്കിങ് ചെയർമാൻ മോൻസ് ജോസഫ് വ്യക്തമാക്കി. മുൻപ് ധനവകുപ്പ് ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത പാരമ്പര്യമുള്ളതിനാൽ ഇത്തവണയും പ്രാധാന്യമുള്ള വകുപ്പുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.
ഒരു എംഎൽഎ മാത്രമുള്ള ചെറുകിട പാർട്ടികൾക്ക് വരെ മന്ത്രിസ്ഥാനം നൽകുമ്പോൾ ഏഴ് എംഎൽഎമാരുള്ള കേരള കോൺഗ്രസിനെ അർഹമായ രീതിയിൽ പരിഗണിച്ചേ മതിയാകൂ എന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം. വകുപ്പുകളുടെ കാര്യത്തിൽ കടുംപിടുത്തമില്ലെങ്കിലും പ്രധാന വകുപ്പുകൾ തന്നെ നൽകണം.
ചീഫ് വിപ്പ് പദവി നൽകി ഒതുക്കാനുള്ള നീക്കങ്ങളോട് താല്പര്യമില്ലെന്നും മോൻസ് ജോസഫ് കൂട്ടിചേർത്തു. അതേസമയം, യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിൽ നിന്ന് അഞ്ച് മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. മുൻപ് ഉമ്മൻചാണ്ടി മന്ത്രിസഭയിലും ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിരുന്നു.
ഇതേ മാതൃക സതീശൻ മന്ത്രിസഭയിലും തുടരുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഘടകകക്ഷികളുടെ കടുത്ത ആവശ്യങ്ങളും വകുപ്പ് വിഭജന തർക്കങ്ങളും വിഡി സതീശനും കോൺഗ്രസ് നേതൃത്വത്തിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്.










0 comments