നെറ്റ് സീറോ കാർബൺ കേരളം; കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിരേഖ പ്രകാശിപ്പിക്കും

തിരുവനന്തപുരം : കേരളത്തെ നെറ്റ് സീറോ കാർബൺ സ്ഥിതിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ നടത്തുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ഗോശ്രീ ദ്വീപുകളെ നെറ്റ് സീറോ കാർബണിലേക്കെത്തിക്കുന്നു. ഗോശ്രീ ദ്വീപുകൾ ഉൾപ്പെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷന്റെയും ഗോശ്രീ ഐലന്റ് ഡവലപ്മെന്റ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിശദമായ പദ്ധതിരേഖ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും മന്ത്രി പി രാജീവ് നിർവഹിക്കും. തിങ്കളാഴ്ച രാവിലെ 11.30 ന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അധ്യക്ഷനാകും.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പദ്ധതിരേഖ ഏറ്റുവാങ്ങും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ വിഷയാവതരണം നടത്തും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, സാമൂഹ്യസന്നദ്ധ സംഘടനാ പ്രതിനിധികൾ, വകുപ്പധ്യക്ഷർ തുടങ്ങിയവർ പങ്കെടുക്കും. കുസാറ്റ്, ഡിപ്പാർട്ട്മെന്റ് ഓഫ് മറൈൻ ബയോളജി ഡയറക്ടർ ഡോ. മുഹമ്മദ് ഹാത്ത അബ്ദുള്ള പദ്ധതി അവലോകനം നടത്തും.
എറണാകുളം ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ കുഴിപ്പള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളിലും ഇടപ്പള്ളി ബ്ലോക്കിലെ എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നീ ഗ്രാമപഞ്ചായത്തുകളിലും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കണക്കാക്കുന്നതിനുള്ള പ്രാഥമിക സർവേ നടത്തിയിരുന്നു. സർവേയിൽ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാർബൺ ന്യൂട്രൽ ഗോശ്രീ വിശദ പദ്ധതിരേഖ തയ്യാറാക്കിയത്. ഹരിതകേരളം മിഷന്റെ സാങ്കേതിക സഹായത്തിലും ഏകോപനത്തിലും ഗോശ്രീ ഐലന്റ് ഡവലപ്മെന്റ് അതോറിറ്റിയുടെ പിന്തുണയിലുമാണ് സർവേ നടത്തിയത്.









0 comments