നെടുമ്പാശേരി വാഹനക്കുരുതി; മദ്യലഹരിയിൽ സുഹൈൽ കാറോടിച്ചത് 150 കി.മീ. വേഗത്തിൽ

കൊച്ചി: മദ്യലഹരിയിൽ പത്തൊമ്പതുകാരൻ സുഹൈൽ സജീവ് അമിതവേഗതയിൽ ഓടിച്ച മിനികൂപ്പർ സ്‌കൂട്ടറിൽ ഇടിച്ച് മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. അപകടസമയത്ത് സുഹൈൽ കാറോടിച്ചിരുന്നത് 150 കിലോ മീറ്റർ വേഗതയിലായിരുന്നു എന്നാണ് പുതിയ വിവരം. സുഹൈലിനൊപ്പം യാത്ര ചെയ്ത ജോയലിന്റെ ഫോണിൽ നിന്നുമാണ് സുപ്രധാന ദൃശ്യം പൊലീസിന് ലഭിച്ചത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പെടുത്ത ദൃശ്യത്തിൽ കാറിന്റെ സ്പീഡോമീറ്റർ കാണാം.
ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പടെയുള്ള നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സുഹൈലിന് പുറമെ ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ.
അതേസമയം കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ കേസെടുത്തത്. വാഹനക്കുരുതിയിൽ നിന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പൊലീസിൻറെ മെല്ലെപ്പോക്ക്.









0 comments